June 5, 2026

ഹാഷിഷ് ഓയിലുമായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് പോലീസ് പിടിയിൽ

0
4edd31cd-222c-4e77-85fb-52fc96fbbcee
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മയക്കുമരുന്നുമായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് പോലീസ് പിടിയിൽ. പൊഴുതന പെരുങ്കോട കാരാട്ട് വീട്ടില്‍ കെ. ജംഷീര്‍ അലി (41) യെയാണ് മാനന്തവാടി കൊയിലേരിയില്‍ നിന്നും പോലീസ് പിടികൂടിയത്. വയനാട് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, മാനന്തവാടി പോലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.

പ്രതിയിൽനിന്ന് 54 ഗ്രാം ഹാഷിഷ് ഓയില്‍ പോലീസ് കണ്ടെത്തി. വള്ളിയൂര്‍ക്കാവിന് സമീപം ഇയ്യാള്‍ താമസിച്ച ക്വാര്‍ട്ടേഴ്‌സിലെത്തിച്ച് പരിശോധിച്ചതില്‍ ചെറിയ കുപ്പികളിലാക്കി കളിപ്പാവയ്ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്നുണ്ടായിരുന്നത്. തുടര്‍ന്ന് പോലീസ് മുറിക്കുള്ളിലും, പ്രതി സഞ്ചരിച്ചിരുന്ന കാറിലും വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും മറ്റൊന്നും കിട്ടിയില്ല.

കൊലപാതകം, പോക്‌സോ, ലഹരി കടത്ത്, കവര്‍ച്ച, കാപ്പ കേസ് എന്നിവ ഉള്‍പ്പെടെയുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൊടുംകുറ്റവാളിയാണ് ജംഷീര്‍. നിരവധി കേസുകളില്‍ പ്രതിയായ ജംഷീറിനെതിരെ എസ്പിയുടെ റിപ്പോട്ടിന്മേല്‍ മുമ്പ് ജില്ലാ കളക്ടര്‍ കാപ്പ ചുമത്തിയിരുന്നു. ഇയാള്‍ക്കെതിരെ വൈത്തിരി, മേപ്പാടി, ഷോളൂര്‍മട്ടം, കൂനൂര്‍, കേണിച്ചിറ, കല്‍പറ്റ, പടിഞ്ഞാറത്തറ, വെള്ളമുണ്ട പൊലീസ് സ്‌റ്റേഷനുകളിലും എക്‌സൈസിലും കൊലപാതകം, മോഷണം, പോക്‌സോ, ലഹരിക്കടത്ത്, കവര്‍ച്ച, അടിപിടി തുടങ്ങി ഒട്ടേറെ ക്രിമിനല്‍ കേസുകളുണ്ട്.

തമിഴ്‌നാട് ഷോളര്‍മറ്റം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കോടനാട് എസ്‌റ്റേറ്റില്‍ അതിക്രമിച്ചു കയറി സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തി കെട്ടിതൂക്കി കവര്‍ച്ച നടത്തിയെന്ന കേസിലും ഇയാള്‍ വിചാരണ നേരിട്ടു കൊണ്ടിരിക്കുകയാണ്. കൂടാതെ, ഇയാള്‍ മുന്‍പും കാപ്പ നിയമ പ്രകാരമുള്ള നടപടിയുടെ ഭാഗമായി നാടുകടത്തപ്പെട്ടിട്ടുള്ളതും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളതുമാണ്.

നാല് മാസം മുന്‍പ് വള്ളിയൂര്‍ക്കാവിലെ ക്വാര്‍ട്ടേഴ്‌സില്‍ ഇയാളുടെ പെണ്‍സുഹൃത്തായിരുന്നു മുറിയെടുത്തത്. പിന്നീട് ഇരുവരും ഒരുമിച്ചായിരുന്നു ഇവിടെ താമസിച്ചു വന്നിരുന്നത്. പ്രതിയെ തുടര്‍നടപടികള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *