മുത്തങ്ങാ സമരം: സുരേന്ദ്രന് നഷ്ടപരിഹാരം നൽകണം, സർക്കാരിന്റെ അപ്പീൽ തള്ളി കോടതി
കൽപറ്റ: ഭൂസമരവുമായി ബന്ധപ്പെട്ട് കേസിൽ പൊലീസ് അതിക്രത്തിനു ഇരയായ ഡയറ്റ് മുൻ അധ്യാപകൻ കെ.കെ. സുരേന്ദ്രന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കണമെന്ന സുൽത്താൻ ബത്തേരി സബ് കോടതി ഉത്തരവിനെതിരേ സർക്കാർ സമർപ്പിച്ച അപ്പീൽ ജില്ല കോടതി തള്ളി. കൂടാതെ നഷ്ടപരിഹാരം 12.5 ലക്ഷം രുപയായി വർധിപ്പിച്ചും കോടതി ഉത്തരവായി.
2021 ജനുവരിയിലാണ് സർക്കാർ അഞ്ചു ലക്ഷം രൂപ സുരേന്ദ്രന് നഷ്ടപരിഹാരം നൽകണമെന്ന് സബ് കോടതി ഉത്തരവിട്ടത്. സർക്കാർ അപ്പീലിനെതിരേ സുരേന്ദ്രനും കോടതിയെ സമീപിച്ചിരുന്നു.
ആദിവാസി ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനു, കോഓഡിനേറ്റർ എം. ഗീതാനന്ദൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് കസ്റ്റഡിയിൽ മർദനത്തിനു ഇരയാകുകയും തടവ് അനുഭവിക്കുകയും ചെയ്തിരുന്നു സുരേന്ദ്രൻ. ഈ കേസിലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. അഡ്വ. കെ.എൻ. മോഹനൻ മുഖേന നൽകിയ ഹരജിയിൽ ജഡ്ഡി അനിറ്റ് ജോസഫാണ് നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവായത്. സർക്കാർ തുക നൽകണമെന്നും ഇത് ബന്ധപ്പെട്ട കക്ഷികളിൽനിന്നു ഈടാക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. അന്യായമായ അറസ്റ്റിനും കർണപുടം തകരുന്ന വിധത്തിൽ ക്രൂരമായി മർദിച്ചതിനും 14 ലക്ഷം രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ടാണ് സുരേന്ദ്രൻ കോടതിയെ സമീപിച്ചത്.
അന്നത്തെ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, വയനാട് ജില്ല കലക്ടർ, കോഴിക്കോട് ജില്ല പൊലീസ് മേധാവി, ബത്തേരി സർക്കിൾ ഇൻസ്പെക്ടർ വി. ദേവരാ ജ്, എസ്.ഐ പി. വിശ്വംഭരൻ, എ.എസ്.ഐ സി.എം. മത്തായി, ഹെഡ് കോൺസ്റ്റബിൾ വസന്തകുമാർ, കോൺസ്റ്റബിൾ കെ.ആർ. രഘുനാഥൻ, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ വർഗീസ് എന്നിവരെ എതിർകക്ഷികളാക്കിയായിരുന്നു ഹർജി.
മുത്തങ്ങ കേസിൽ 2003 ഫെ ബ്രുവരി 23നാണ് സുരേന്ദ്രനെ അറസ്റ്റു ചെയ്തത്. പിറ്റേന്നു കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലായി. കസ്റ്റഡി മർദനത്തിൽ കർണപുടം തകർന്ന അദ്ദേഹത്തിനു ഹൈകോടതി നിർദേശപ്രകാരം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സ നൽകിയത്. വൈദ്യ പരിശോധനയിലാണ് കർണപുടം തകർന്നതു സ്ഥിരീകരിച്ചത്. കേസിൽ ഹൈകോടതിയിൽനിന്നു ജാമ്യം നേടി മാർച്ച് 30നാണ് സുരേന്ദ്രൻ ജയിൽമോചിതനായത്.
മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട ഗൂഢാലോചന, വനത്തിൽ കുടിയിറക്കു നടന്ന ദിവസം ഉണ്ടായ പൊലിസുകാരൻ്റെ മരണം എന്നിവയുമായി ബന്ധപ്പെടുത്തിയാണ് പൊലീസ് സുരേന്ദ്രനെതിരേ കേസെടുത്തത്. തുടക്കത്തിൽ ലോക്കൽ പൊലീസും തുടർന്ന് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സി.ബി.ഐക്കു വിട്ടിരുന്നു. സി.ബി.ഐ കുറ്റപത്രത്തിൽ സുരേന്ദ്രൻ പ്രതിയായിരുന്നില്ല.
2004ലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുരേന്ദ്രൻ ഹരജി ഫയൽ ചെയ്തത്. 2018ലാണ് ഡയറ്റിൽനിന്നും വിരമിച്ചത്. സുരേന്ദ്രന് നഷ്ടപരിഹാരം നൽകണമെന്ന സബ് കോടതി ഉത്തരവ് പാലിക്കാതെ സർക്കാർ അപ്പീൽ പോകുകയായിരുന്നു. മുന്നു മാസത്തിനകം നഷ്ടപരിഹാരധനം അനുവദിക്കണമെന്നാണ് ജില്ലാ കോടതി ഉത്തരവിൽ പറഞ്ഞിരിക്കുന്നത്.





Leave a Reply