കേന്ദ്ര പട്ടികവർഗ്ഗ മന്ത്രി ദുർഗ്ഗാദാസ് ഉയികെ ഏപ്രിൽ മൂന്നിന് മാനന്തവാടിയിൽ
മാനന്തവാടി : കേന്ദ്ര പട്ടികവർഗ്ഗ വകുപ്പ് സഹമന്ത്രി ദുർഗ്ഗാദാസ് ഉയികെ ഏപ്രിൽ മൂന്നിന് മാനന്തവാടിയിൽ വിവിധ പരിപാടിയിൽ പങ്കെടക്കും. ആദിവാസി നേതാക്കളുമായി അദ്ദേഹം സംവദിക്കും. അവരുടെ ജീവൽ പ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്നും മാനന്തവാടി മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി പി ശ്യാം രാജ് പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇരു മുന്നണികളും മാറിമാറി ഭരിച്ചിട്ടും വയനാട്ടിലെ ആദിവാസികളുടെ അവസ്ഥ ദയനീയമായി തുടരുകയാണ്. ഇടതുപക്ഷത്തു നിന്നും വലതുപക്ഷത്തു നിന്നും രണ്ടു മന്ത്രിമാർ പട്ടികവർഗ്ഗത്തിനായി മാനന്തവാടിയിൽ നിന്നും ഉണ്ടായി. എന്നാൽ മുൻ യുഡിഎഫ് മന്ത്രിയും നിലവിലെ മന്ത്രിയും തികഞ്ഞ പരാജയം ആണെന്ന് അദ്ദേഹം ആരോപിച്ചു. തലചായ്ക്കാൻ ഒരിടത്തിനായി ആദിവാസികൾ ഇന്നും സമരമുഖത്താണ്.
കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ എത്തിയതിനുശേഷം പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് മതിയായ പ്രാധിനിത്യം നൽകിവരുന്നുണ്ട്. രാജ്യത്തിൻറെ രാഷ്ട്രപതി പോലും പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നാണ് എന്നത് നമ്മെ സന്തോഷിപ്പിക്കുന്നു. പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി നൂറുകണക്കിന് പദ്ധതികളാണ് കേന്ദ്രസർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ഇത് അവരുടെ ജീവിത സൂചികയിലും കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. എന്നാൽ കേരളത്തിലെ ആദിവാസികളുടെ സ്ഥിതി ഇന്നും ദയനീയമാണ്.
ഈ സാഹചര്യത്തിലാണ് അവരെ കേൾക്കാനും അവരുമായി സംവദിക്കാനുമായി മന്ത്രി എത്തുന്നത്. ഏപ്രിൽ മൂന്നിന് രാവിലെ ആദിവാസി നേതാക്കളുമായി അദ്ദേഹം സംവദിക്കും. അവരുടെ ജീവൽ പ്രശ്നങ്ങൾ ചർച്ച ചെയ്യും. തുടർന്ന് രാവിലെ 10 മണിക്ക് മാനന്തവാടി ഗാന്ധി പാർക്കിൽ പൊതുസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യുമെന്നും ബിജെപി നേതാക്കൾ പറഞ്ഞു.
ബിജെപി മാനന്തവാടി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവീനർ കെ മോഹൻദാസ്,മേഖലാ വൈസ് പ്രസിഡണ്ട് പുനത്തിൽ രാജൻ,ജില്ലാ വൈസ് പ്രസിഡണ്ട് വിജയൻ കൂവണ,അഖിൽ പ്രേം സി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.





Leave a Reply