തെരഞ്ഞെടുപ്പ് സുരക്ഷ; കരുത്തറിയിച്ച് കൽപ്പറ്റയിൽ പോലീസ്- കേന്ദ്ര സേനാ റൂട്ട് മാർച്ച്
കൽപ്പറ്റ : നിയമ സഭാ തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി അരുൺ കെ.പവിത്രന്റെ നേതൃത്വത്തിൽ കൽപ്പറ്റയിൽ റൂട്ട് മാർച്ച് നടത്തി. എസ്.കെ.എം.ജെ സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച റൂട്ട് മാർച്ച് പുതിയ ബസ് സ്റ്റാൻഡ് വരെ നീണ്ടു. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച റൂട്ട് മാർച്ചിൽ 500 ഓളം സേനാംഗങ്ങൾ അണിനിരന്നു.
അഡിഷണൽ എസ്.പി കെ.എസ് ഷാജി, ഡി.വൈ.എസ്.പി മാർ, സ്റ്റേഷൻ എസ് എച്ച് ഓ മാർ, സബ് ഇൻസ്‌പെക്ടർമാർ, മറ്റു പോലീസ് ഉദ്യോഗസ്ഥർ എന്നിവരോടൊപ്പം കേന്ദ്ര സായുധ സേന(ബി എസ് എഫ് ), മഹാരാഷ്ട്ര സ്പെഷ്യൽ ആംഡ് പോലീസ് സേനാംഗങ്ങളടക്കം പങ്കെടുത്തു. എല്ലാ സ്റ്റേഷൻ പരിധികളിലും ജില്ലാ അതിർത്തികളിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ പോലീസിന്റെ നേതൃത്വത്തിലുള്ള പരിശോധനകൾ കൂടുതൽ ഊർജിതമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ജില്ലയിലുടനീളം പോലീസ് പട്രോളിംഗ് ശക്തിപ്പെടുത്തുകയും, സംസ്ഥാന അതിർത്തികളിൽ പിക്കറ്റ് പോസ്റ്റുകൾ സ്ഥാപിക്കുകയും ചെയ്‌തിട്ടുണ്ട്. അതിർത്തികളിലൂടെ അനധികൃതമായി പണം, സ്വർണം, ലഹരി എന്നിവ കടത്തുന്നത് കണ്ടെത്തുന്നതിനും പ്രത്യേക സംയുക്ത സ്ക്വാഡിന്റെയും പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.





Leave a Reply