ഗ്യാസ് ഏജൻസിക്കെതിരെ വ്യാജ പ്രചരണം: കെ.എച്ച്.ആർ.എ ഭാരവാഹികൾക്കെതിരെ നിയമനടപടി
മീനങ്ങാടി: വാണിജ്യ പാചകവാതക സിലിണ്ടറുകൾക്ക് അമിത തുക ഈടാക്കിയെന്ന വ്യാജ ആരോപണം ഉന്നയിച്ച കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) ജില്ലാ പ്രസിഡൻ്റ് മുജീബ് ചുണ്ട, സംസ്ഥാന സെക്രട്ടറി അനീഷ് ബി. നായർ എന്നിവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സെൻ്റ് ജൂഡ് ഏജൻസി മാനേജിംഗ് ഡയറക്ടർ കെ.എ. മാത്യു വാർത്താസമ്മേളനത്തിൽ അറിയിച്ചു. വർഷങ്ങളായി മീനങ്ങാടി ആസ്ഥാനമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചാണ് ഏജൻസി പ്രവർത്തിക്കുന്നതെന്നും പാചകവാതകത്തിന് രൂക്ഷമായ ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിലും സർക്കാർ നിശ്ചയിച്ച തുക മാത്രമേ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷാമം നേരിട്ടപ്പോൾ ആദ്യം ടോക്കൺ സംവിധാനവും പിന്നീട് ഐ.ഒ.സി നിർദ്ദേശപ്രകാരം ക്യൂ സംവിധാനവുമാണ് ഏർപ്പെടുത്തിയത്. ഇതിൽ പ്രകോപിതരായ അസോസിയേഷൻ ഭാരവാഹികൾ ഏജൻസിയിലെത്തി ജീവനക്കാരെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത ശേഷമാണ് അമിത തുക ഈടാക്കിയെന്ന വ്യാജ പ്രചരണം നടത്തിയത്. അമിത തുക ഈടാക്കിയെന്ന് തെളിയിക്കാൻ ആരോപണം ഉന്നയിച്ചവരെ വെല്ലുവിളിക്കുന്നതായും മാത്യു പറഞ്ഞു. തങ്ങളുടെ അസോസിയേഷനിൽ ഉൾപ്പെട്ട മുഴുവൻ പേർക്കും ഗ്യാസ് സുഗമമായി ലഭിച്ചിരുന്നതായും അമിത തുക ഈടാക്കിയിട്ടില്ലെന്നും വ്യക്തമാക്കിയ കെ.എച്ച്.ആർ.എ പ്രതിനിധികൾ, ജില്ലാ പ്രസിഡൻ്റിൻ്റെ നടപടിക്കെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയതായും അറിയിച്ചു. വാർത്താസമ്മേളനത്തിൽ ഏജൻസി അസിസ്റ്റൻ്റ് മാനേജർ എ. അമൽരാജ്, കെ.എച്ച്.ആർ.എ പ്രതിനിധികളായ എൻ.കെ. നസീർ, കെ. നിസാർ, റഫീഖ് വിന്നേഴ്‌സ്, ഹാരിസ് വയനാട്, പി.ആർ. ഉണ്ണികൃഷ്ണൻ എന്നിവരും പങ്കെടുത്തു.





Leave a Reply