കേരള മുഖ്യമന്ത്രി ആര്? പ്രഖ്യാപനം നാളെ; ആകാംക്ഷയോടെ കേരളം
ന്യൂഡൽഹി: കേരള മുഖ്യമന്ത്രി ആരെന്ന് നാളെ പ്രഖ്യാപിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചു. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ രാഹുൽ ഗാന്ധിയും ജയറാം രമേശും പങ്കെടുത്ത നിർണായക യോഗത്തിന് ശേഷമാണ് പ്രഖ്യാപനം നീളുന്ന വിവരം പുറത്തുവന്നത്. മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കുന്ന വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരുടെ ക്യാമ്പുകൾ ഒരുപോലെ ആകാംക്ഷയിലും ആശങ്കയിലുമാണ്. പ്രഖ്യാപനത്തിന് മുന്നോടിയായി ഘടകകക്ഷികളുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വീണ്ടും ചർച്ച നടത്തി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളെ ഫോണിൽ വിളിച്ച് സോണിയ ഗാന്ധി അഭിപ്രായം ആരാഞ്ഞപ്പോൾ, വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന ഉറച്ച നിലപാടാണ് ലീഗ് സ്വീകരിച്ചത്. ഭൂരിഭാഗം എം.എൽ.എമാരുടെ പിന്തുണയും പൊതുജന വികാരവും സതീശന് അനുകൂലമാണെന്ന് ലീഗ് നേതൃത്വം ഹൈക്കമാൻഡിനെ അറിയിച്ചു.
തീരുമാനമെടുക്കുന്നതിൽ മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ അഭിപ്രായം നിർണായകമാകും. മുഖ്യമന്ത്രി പദവിക്കായി സമൂഹ മാധ്യമങ്ങളിലും തെരുവുകളിലും നടക്കുന്ന പ്രചാരണങ്ങളിൽ രാഹുൽ ഗാന്ധി അസ്വസ്ഥത പ്രകടിപ്പിച്ചു. എന്നാൽ പ്രിയങ്ക ഗാന്ധി കേരളത്തിലെ പൊതുവികാരം രാഹുലിനെ ബോധ്യപ്പെടുത്തിയതായാണ് വിവരം. ഇടതുമുന്നണിയെ തകർത്തെറിഞ്ഞ വിജയത്തിന്റെ ആവേശം നിലനിർത്താൻ കഴിയാത്തവിധം ഗ്രൂപ്പ് പോര് മുറുകുന്നത് പാർട്ടിയിൽ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് തന്നെ സമ്മതിക്കുന്നുണ്ട്. ഉചിതമായ തീരുമാനം ഉടനുണ്ടാകുമെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കുമ്പോഴും അണികൾക്കിടയിൽ നിരാശ പടരുകയാണ്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മന്ത്രിസഭാ ചർച്ചകളിലേക്ക് മുന്നണി കടക്കും. കെ. മുരളീധരൻ, എ.പി. അനിൽ കുമാർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവരുടെ പേരുകളാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകുന്ന ഏകകണ്ഠമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഹൈക്കമാൻഡ്.





Leave a Reply