പുകയില വിരുദ്ധ ദിനം; ജില്ലയിൽ വ്യാപക പരിശോധനകളും ബോധവത്കരണവും നടത്തും
കൽപ്പറ്റ: ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലയിൽ വ്യാപകമായ ബോധവത്കരണ പരിപാടികളും നിയമലംഘനങ്ങൾ തടയാൻ ശക്തമായ പരിശോധനയും നടത്തും. ജില്ലയിലെ പുകയില നിയന്ത്രണ പരിപാടികളുടെ പുരോഗതി വിലയിരുത്താൻ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയുടെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ യോഗം ചേർന്നു. ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ ഭാഗമായി പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനൊപ്പം പുകയില കാരണമായുണ്ടാകുന്ന രോഗങ്ങളും മരണങ്ങളും കുറയ്ക്കാനും കുട്ടികളെയും യുവാക്കളെയും പുകയില ഉപയോഗത്തിൽ നിന്ന് തടയാനും ലക്ഷ്യമിട്ട് വിവിധ പരിപാടികൾ ജില്ലയിൽ സംഘടിപ്പിക്കും.
ലോകാരോഗ്യ സംഘടനയുടെ ആഹ്വാനമനുസരിച്ച് മെയ് 31നാണ് ലോക പുകയില വിരുദ്ധ ദിനാചരണം സംഘടിപ്പിക്കുന്നത്. ഇത്തവണ സ്കൂൾ തുറക്കുന്നതിനൊപ്പം ജില്ലയിലെ സ്കൂളുകളിൽ പുകയില-ലഹരി വിരുദ്ധ ക്യാമ്പയിനുകൾ കൂടി ആരംഭിക്കും. സ്കൂളുകൾ നിയമപ്രകാരം പുകയില വിമുക്ത മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ സ്കൂളുകളിലും പരിസര പ്രദേശങ്ങളിലും ഇത്തരം ഉത്പന്നങ്ങളുടെ വിൽപനയും ഉപയോഗവും നടക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ കർശന പരിശോധനകൾ നടത്തി നിയമ നടപടി സ്വീകരിക്കും. സ്കൂളുകളിലും പരിസരത്തും പുകയില ഉപയോഗം തടഞ്ഞുകൊണ്ടുള്ള ബോർഡുകൾ സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിലെ ഉന്നതികൾ കേന്ദ്രീകരിച്ച് കൂടുതൽ വിപുലമായ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തണമെന്ന് കളക്ടർ നിർദേശിച്ചു. പുകവലിക്ക് പുറമെ പുകരഹിതമായ പുകയില ഉപയോഗവും വലിയ പൊതുജനാരോഗ്യ ഭീഷണി സൃഷ്ടിക്കുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ടി രേഖ പറഞ്ഞു. നിരോധിത പുകയില ഉത്പന്നങ്ങളുടെ വിൽപന സംബന്ധിച്ച കരർശനമായി തടയാൻ പൊലീസ്, എക്സൈസ്, ആരോഗ്യ, ഭക്ഷ്യസുരക്ഷ ഉൾപ്പെടെയുള്ള വകുപ്പുകൾ സംയുക്തമായി പരിശോധന ആരംഭിക്കാനും തീരുമാനമായി. വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
എബോള: കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു
വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ ജാഗ്രതാ നിർദേശം നൽകിയ പശ്ചാത്തലത്തിൽ ജില്ലയിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ യോഗം ചേർന്നു. നിലവിൽ ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ പ്രത്യേക പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. എബോള ബാധിത രാജ്യങ്ങളിൽ നിന്ന് എത്തുന്നവരിൽ രോഗബാധ സംശയിക്കപ്പെടുന്നവർക്ക് പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ ക്വാറന്റൈൻ നിർദേശിക്കുകയാണ് ചെയ്യുന്നത്. അത്തരം സാഹചര്യങ്ങൾ ഉണ്ടാവുകയാണെങ്കിൽ മാനന്തവാടി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ ബ്ലോക്ക് ഉപയോഗപ്പെടുത്തും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ടി രേഖ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.





Leave a Reply