ഈസ്റ്റ് പാലമുക്കിൽ ടാറ്റ ഐറിസ് വാഹനങ്ങൾക്ക് സ്റ്റാൻഡ് അനുവദിക്കണം: എസ്.ടി.യു
മാനന്തവാടി: എടവക ഗ്രാമപഞ്ചായത്തിലെ ഈസ്റ്റ് പാലമുക്ക് പ്രദേശത്ത് സർവീസ് നടത്തുന്ന ടാറ്റ ഐറിസ് (ഫോർ വീലർ ഓട്ടോ) യാത്രാവാഹനങ്ങൾക്ക് ഔദ്യോഗിക ഹാൾട്ടിംഗ് പ്ലേസ് അല്ലെങ്കിൽ വാഹന സ്റ്റാന്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ ആന്റ് എഞ്ചിനീയറിംഗ് വർക്കേഴ്സ് യൂണിയൻ (എസ്.ടി.യു) എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ സുധാകരന് നിവേദനം നൽകി. കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി ഈസ്റ്റ് പാലമുക്ക് പ്രദേശത്തും സമീപ പ്രദേശങ്ങളിലുമായി സർവീസ് നടത്തുന്ന ടാറ്റ ഐറിസ് വാഹനങ്ങളിലെ തൊഴിലാളികളും എസ്.ടി.യു നേതാക്കളും ചേർന്നാണ് നിവേദനം സമർപ്പിച്ചത്. വിദ്യാർത്ഥികൾ, സ്ത്രീകൾ, വയോജനങ്ങൾ, തൊഴിലാളികൾ, വിവിധ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങി നൂറുകണക്കിന് യാത്രക്കാരാണ് ഇത്തരം വാഹനങ്ങളെ ആശ്രയിച്ച് യാത്ര നടത്തുന്നതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഈസ്റ്റ് പാലമുക്ക് പ്രദേശത്ത് സ്ഥലപരിശോധന നടത്തി അനുയോജ്യമായ പാർക്കിംങ്ങ് സ്ഥലം അനുവദിക്കണമെന്നും ഗ്രാമപഞ്ചായത്ത് അധികൃതർ റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ അനുമതി ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. എടവക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്തഫ തയ്യുള്ളതിൽ, ലത്തീഫ് എൻ.കെ, എടവക ഗ്രാമപഞ്ചായത്ത് മെമ്പർ വിനോദ് തോട്ടത്തിൽ, അഡ്വ. അബ്ദുൽ റഷീദ് പടയൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ജിൽസൻ തൂപ്പുംകര, ഷൗക്കത്ത് ആയാട്ട്, ജമാൽ അണിയാപ്രവൻ, നൗഫൽ സി.എച്ച്, ഷാനവാസ് വി, ലത്തീഫ് പൊയിലൻ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.





Leave a Reply