June 22, 2026

സമൂഹമാധ്യമങ്ങളിൽ തരംഗമായ ‘അർജന്റീനൻ വീട്’; അപ്രതീക്ഷിത അതിഥിയായെത്തി മെസിയുടെ നാട്ടിൽ നിന്നുള്ള കർള

0
WhatsApp Image 2026-06-22 at 6.04.21 PM
By ന്യൂസ് വയനാട് ബ്യൂറോ

സുൽത്താൻ ബത്തേരി: ഫുട്ബോൾ ലോകത്ത് ഭാഷയും ദേശവും അതിർത്തികളും മറികടന്ന് മനുഷ്യരെ ബന്ധിപ്പിക്കുന്ന മനോഹരമായ കാഴ്ചയ്ക്കാണ് വയനാട് മീനങ്ങാടി സാക്ഷ്യം വഹിച്ചത്. മീനങ്ങാടി കോളിയോട്ടിലെ മുൻ ഫുട്ബോൾ താരം കൂടിയായ ഉമ്മറലിയുടെ വീട്ടിലേക്ക് കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി എത്തിയ അതിഥി നാട്ടുകാരെയും കുടുംബാംഗങ്ങളെയും ഒരുപോലെ അത്ഭുതപ്പെടുത്തി. കാരണം, ആ സന്ദർശക ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീനയിൽ നിന്നെത്തിയ കർളയായിരുന്നു.

വർഷങ്ങളായി വീടും പരിസരവും അർജന്റീനയുടെ നീലയും വെളുപ്പും നിറങ്ങളിൽ മാത്രം അലങ്കരിച്ച് ഫുട്ബോൾ ആരാധകർക്കിടയിൽ വൻ ശ്രദ്ധ നേടിയ ഒന്നാണ് ഉമ്മറലിയുടെ വീട്. സമൂഹമാധ്യമങ്ങളിലൂടെ ഈ വീടിന്റെ ചിത്രങ്ങളും വീഡിയോകളും കണ്ട് കൗതുകം തോന്നിയാണ്, നിലവിൽ ഋഷികേശിൽ പഠനം നടത്തുന്ന കർള വയനാ മീനങ്ങാടിയിലെ കോളിയോട്ടിലേക്ക് നേരിട്ടെത്തിയത്.

അർജന്റീനയുടെ ഔദ്യോഗിക ജേഴ്സി ധരിച്ചെത്തിയ കർളയെ ഉമ്മറലിയും കുടുംബവും സന്തോഷത്തോടെയാണ് സ്വീകരിച്ചത്. വീടിന്റെ ഓരോ കോണും കൗതുകത്തോടെ നിരീക്ഷിച്ച അവർ ഫുട്ബോൾ ഇതിഹാസം ഡീഗോ മാറഡോണയുടെ ചിത്രങ്ങൾ പതിച്ച ചുമരുകൾക്കും അർജന്റീനൻ പതാകകൾക്കും മുന്നിൽ നിന്ന് ആവേശത്തോടെ ചിത്രങ്ങൾ പകർത്തി. “സ്വന്തം രാജ്യത്തിന്റെ നിറങ്ങളും പതാകയും ഇത്രയും സ്നേഹത്തോടെയും ആദരവോടെയും മറ്റൊരു രാജ്യത്തെ ഉൾനാടൻ ഗ്രാമത്തിൽ സംരക്ഷിക്കുന്നത് കാണുമ്പോൾ വാക്കുകൾക്കതീതമായ അഭിമാനമുണ്ട്. അർജന്റീനയ്ക്ക് നിങ്ങൾ നൽകുന്ന ഈ വലിയ സ്നേഹത്തിനും പിന്തുണയ്ക്കും എന്റെ രാജ്യത്തിന്റെ പേരിലുള്ള നന്ദി അറിയിക്കുന്നു,” – കർള പറഞ്ഞു.

ഉമ്മറലിയുമായി ഫുട്ബോളിനെക്കുറിച്ചും അർജന്റീനൻ ടീമിന്റെ കളി മികവിനെക്കുറിച്ചും ഏറെ നേരം സംസാരിച്ച കർള, ഈ വീടിന്റെ ചിത്രങ്ങളും വീഡിയോകളും അർജന്റീനയിലെ തന്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പങ്കുവെക്കുമെന്നും, കഴിയുമെങ്കിൽ സാമൂഹമാധ്യമങ്ങൾ വഴി സാക്ഷാൽ ലയണൽ മെസിയുടെയും മറ്റ് പ്രമുഖ താരങ്ങളുടെയും ശ്രദ്ധയിൽപ്പെടുത്താൻ പരമാവധി ശ്രമിക്കുമെന്നും ഉറപ്പുനൽകിയാണ് മടങ്ങിയത്.

2002-ലെ ലോകകപ്പ് സീസണോടനുബന്ധിച്ചാണ് ഉമ്മറലി ആദ്യമായി തന്റെ വീടിന് അർജന്റീനയുടെ നീലയും വെളുപ്പും നിറങ്ങൾ നൽകാൻ തുടങ്ങിയത്. പിന്നീട് വന്ന ഓരോ ലോകകപ്പ് സീസണിലും ഈ നിറം പുതുക്കുന്നത് അദ്ദേഹം ഒരു പതിവാക്കി മാറ്റി. രണ്ട് പതിറ്റാണ്ടിലേറെയായി ഒരു ഗ്രാമത്തിൽ ഉമ്മറലി കാത്തുസൂക്ഷിച്ച ഈ ഫുട്ബോൾ ആരാധനയാണ് ഇപ്പോൾ അർജന്റീനയിൽ നിന്നുള്ള ഒരു സന്ദർശകയെ വരെ മീനങ്ങാടിയിലെത്തിച്ചിരിക്കുന്നത്. ലോകത്തിന്റെ രണ്ട് അറ്റങ്ങളിലുള്ള മനുഷ്യരെ ഒന്നിപ്പിക്കുന്ന ഫുട്ബോൾ എന്ന വികാരത്തിന്റെ മനോഹരമായ നേർക്കാഴ്ചയായി മാറുകയാണ് ഈ സംഭവം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *