വരള്‍ച്ചയ്ക്ക് പരിഹാരം കാണാൻ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ വിപുലപ്പെടുത്തണം: ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ
കല്‍പ്പറ്റ: വേനല്‍ക്കാലത്ത് അതിരൂക്ഷമായ വരള്‍ച്ച നേരിടുന്ന വയനാട് ജില്ലയിലെ മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളില്‍ കര്‍ണാടക സര്‍ക്കാരുമായി കൂടിയാലോചിച്ച് അവര്‍ക്ക് കൂടി ഉപകാരപ്രദമായ രീതിയില്‍ പുഴയില്‍ തടയണകള്‍ നിര്‍മ്മിച്ച് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ വിപുലപ്പെടുത്തി കര്‍ഷകര്‍ക്ക് ജലം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ജലസേചന വകുപ്പ് മന്ത്രി മോന്‍സ് ജോസഫിന് എംഎല്‍എ കത്ത് നല്‍കി.
കുടിയേറ്റമേഖലയായ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ വരള്‍ച്ച രൂക്ഷമാകുന്നതോടെ പ്രസ്തുത പ്രദേശത്തെ കാപ്പി, കുരുമുളക്, കമുക് തുടങ്ങിയ കൃഷികള്‍ കരിഞ്ഞുണങ്ങുന്നത് പതിവാണ്. കേരള-കര്‍ണാടക സംസ്ഥാനങ്ങളെ വേര്‍തിരിക്കുന്ന അതിര്‍ത്തി കൂടിയായ കബനിനദിയില്‍ തടയണ ഇല്ലാത്തത് മൂലം ജലം നിലവില്‍ പൂര്‍ണമായി ഒഴുകിപ്പോകുന്ന സാഹചര്യമാണ്. ഇത് വരള്‍ച്ചയുടെ ആക്കം കൂട്ടുന്നതായും എം എല്‍ എ കത്തില്‍ ചൂണ്ടിക്കാട്ടി. ഈ സാഹച്‌ര്യത്തിലാണ് പ്രദേശത്തെ പെരിക്കല്ലൂര്‍, മരക്കടവ്, അമ്പത് വയല്‍, കൊളവള്ളി സ്റ്റേജ് ഒന്ന്, കൊളവള്ളി സ്റ്റേജ് രണ്ട്, കൃഗന്നൂര്‍, മരക്കടവ് വാട്ടര്‍ അതോറിറ്റി പമ്പ് ഹൗസ് എന്നീ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ വിപുലപ്പെടുത്തണമെന്നാണ് എം എല്‍ എ കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.





Leave a Reply