പുസ്തകം പ്രകാശനം ചെയ്തു
പുൽപ്പള്ളി: പുൽപ്പള്ളി, സുരഭി കവല, പനച്ചിക്കൽ കുടുംബാംഗമായ അന്നക്കുട്ടി പീറ്റർ രചിച്ച “ഇതാ പുരോഹിതൻ” എന്ന ആത്മീയ ഗ്രന്ഥത്തിന്റെ പ്രകാശനം കോഴിക്കോട് അർച്ച്ബിഷപ്‌സ് ഹൗസിൽ സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ നടന്നു. കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത മോസ്റ്റ് റവ. ഡോ. വർഗീസ് ചക്കാലക്കൽ പുസ്തകം പ്രകാശനം ചെയ്തു സംസാരിച്ചു. പ്രശസ്ത എഴുത്തുകാരി ഷീല ടോമി പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി.
ഒരു നല്ല പുരോഹിതനാകുക എന്നാൽ ഒരു നല്ല മനുഷ്യനാകുക എന്നാണ് അർത്ഥമെന്ന് പുസ്തക പ്രകാശനം നിർവഹിച്ചുകൊണ്ട് അഭിവന്ദ്യ പിതാവ് ഓർമ്മിപ്പിച്ചു. ഈ പുസ്തകം അനേകർക്ക് പ്രചോദനമാകട്ടെയെന്നും വിശ്വാസജീവിതത്തിന് ആത്മീയ വെളിച്ചവും മാർഗനിർദേശവും നൽകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. യാതൊരു വിവേചനങ്ങളും ഇല്ലാതെ എല്ലാവരെയും ക്രിസ്തുവിന്റെ സ്നേഹത്തിൽ ചേർത്തുനിർത്താൻ കഴിയട്ടെ എന്ന് ആദ്യപ്രതി ഏറ്റുവാങ്ങിയ ഷീല ടോമിയും ആശംസിച്ചു.
സഭയും പൗരോഹിത്യവും വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ പൗരോഹിത്യത്തിന്റെ മഹത്വവും മാന്യതയും തുറന്നുകാട്ടുന്ന അനുഭവക്കുറിപ്പുകളുടെ ഈ സമാഹാരം വലിയ പ്രത്യാശ നൽകുന്നതാണെന്ന് ചടങ്ങിൽ സ്വാഗതം ആശംസിച്ച റവ. ഡോ. അലോഷ്യസ് കുളങ്ങര സൂചിപ്പിച്ചു. ഗ്രന്ഥകാരിയായ അന്നക്കുട്ടി പീറ്റർ മറുപടി പ്രസംഗത്തിൽ, ഈ ഗ്രന്ഥത്തിന്റെ രചനയ്ക്ക് പിന്നിലെ ആത്മീയാനുഭവങ്ങളും പ്രചോദനവും പങ്കുവെച്ചു. ചടങ്ങിൽ പി. എം. ജോൺ നന്ദിപ്രസംഗം നടത്തി. വിശിഷ്ടാതിഥികളുടെയും സാഹിത്യ-ആത്മീയ മേഖലയിലെ പ്രമുഖരുടെയും വിശ്വാസിസമൂഹത്തിന്റെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങ് ഏറെ ശ്രദ്ധേയവും അനുഗ്രഹീതവുമായി മാറി. “ഇതാ പുരോഹിതൻ” എന്ന ഗ്രന്ഥം വായനക്കാർക്ക് ആത്മീയ വളർച്ചയ്ക്കും വിശ്വാസപരമായ ചിന്തകൾക്കും പ്രചോദനമാകുമെന്ന പ്രത്യാശയോടെയാണ് ചടങ്ങ് സമാപിച്ചത്.





Leave a Reply