കൽപ്പറ്റയിലെ പൊതുശൗചാലയങ്ങൾ അടച്ചുപൂട്ടി: നഗരസഭയുടെ അനാസ്ഥയ്‌ക്കെതിരെ യു.ഡി.എഫ് ധർണ്ണ
കൽപ്പറ്റ: ആയിരക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന കൽപ്പറ്റ നഗരത്തിലെ പൊതു ശൗചാലയങ്ങൾ മാസങ്ങളായി അടച്ചു പൂട്ടിയിട്ടിരിക്കുന്ന കൽപ്പറ്റ നഗരസഭ ഭരണസമിതിയുടെ അനാസ്ഥയ്ക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ യു.ഡി.എഫ് പ്രതിഷേധ ധർണ്ണ സമരം നടത്തി. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിലെ പൊതു ശൗചാലയവും പി.ഡബ്ല്യു.ഡി റോഡിലുള്ള ശൗചാലയവും യാതൊരു മുന്നറിയിപ്പും ഇല്ലാതെ അടച്ചു പൂട്ടിയതുകൊണ്ട് നഗരത്തിലെത്തുന്ന സാധാരണക്കാർക്കും യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും സ്ത്രീകൾക്കും വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ഈ പ്രശ്നം പരിഹരിക്കുന്നതിനുവേണ്ടി നഗരസഭ അധികാരികളുടെ ഭാഗത്തുനിന്നും യാതൊരുവിധ നടപടികളും കൈക്കൊള്ളാത്തതിൽ പ്രതിഷേധിച്ചും, നഗരസഭയിലെ വിവിധ വാർഡുകളിൽ മാസങ്ങളായി തകർന്നു കിടക്കുന്ന റോഡുകളുടെ ശോചനീയാവസ്ഥയിലും, തെരുവുവിളക്കുകൾ കത്താത്തതിനാൽ ജനങ്ങൾ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലും, മറ്റു വിവിധങ്ങളായ ആനുകൂല്യങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാവാത്ത സാഹചര്യത്തിലും പ്രതിഷേധിച്ചാണ് യു.ഡി.എഫ് കൽപ്പറ്റ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ പഴയ ബസ്റ്റാന്റിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്.
ധർണ്ണ സമരം കെ.പി.സി.സി അംഗം പി.പി. ആലി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മുൻസിപ്പൽ ചെയർമാൻ അഡ്വക്കറ്റ് ടി. മൂസ അധ്യക്ഷത വഹിച്ചു. സി. മൊയ്തീൻകുട്ടി, ഗിരീഷ് കൽപ്പറ്റ, എം.പി. നവാസ്, ഷമീർ ഒടുവിൽ, ഹർഷൽ കോന്നാടൻ, കെ.കെ. കുഞ്ഞമ്മദ്, കെ.കെ. രാജേന്ദ്രൻ, ബാവ പെരുംതട്ട, എം.പി. ബാപ്പു, പി. രാജാറാണി, ശരീഫ ടീച്ചർ, സി.കെ. നിഷ, കെ. ചിത്ര, സരോജിനി ഓടമ്പത്, എസ്. മണി, മുഹമ്മദ് ഫെബിൻ, അഷ്റഫ് വെങ്ങാട്ട്, ഷബ്നാസ് തെന്നാണി, കെ. ശശികുമാർ, അഡ്വ. എ.പി. മുസ്തഫ, പി. കുഞ്ഞുട്ടി, സെബാസ്റ്റ്യൻ കൽപ്പറ്റ, അസീസ് കുരുവിൽ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply