August 31, 2026

സംസ്ഥാന കാർഷിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; സമഗ്ര സംഭാവനയ്ക്കുള്ള ആദ്യ ഉമ്മൻ ചാണ്ടി പുരസ്കാരം ചെറുവയൽ രാമന്

0
IMG_20260809_175538
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഏർപ്പെടുത്തിയ 2025-ലെ സംസ്ഥാനതല കാർഷിക അവാർഡുകളിൽ, കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥം പുതുതായി ഏർപ്പെടുത്തിയ അവാർഡിന് പൈതൃക വിത്ത് സംരക്ഷകൻ ചെറുവയൽ രാമൻ അർഹനായി. അഞ്ചു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഈ ശ്രേഷ്ഠ പുരസ്കാരം. നിലവിലുള്ള 35 വിഭാഗങ്ങൾക്കൊപ്പം പുതുതായി ഉൾപ്പെടുത്തിയ മൂന്ന് അവാർഡുകൾ അടക്കം ആകെ 38 വിഭാഗങ്ങളിലാണ് ഇത്തവണ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.

 

പരിമിതമായ സ്ഥലങ്ങൾ പ്രയോജനപ്പെടുത്തി നഗരപ്രദേശങ്ങളിൽ കൃഷി നടത്തുന്നവർക്കായി 50,000 രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്ന അർബൻ റൂഫ് ടോപ് ഫാർമർ അവാർഡ്, ഉദ്യാനകൃഷിയിലെ മികവിനുള്ള ഉദ്യാന ശ്രേഷ്ഠ അവാർഡ് എന്നിവയാണ് മറ്റ് പുതിയ പുരസ്കാരങ്ങൾ. ഇതോടൊപ്പം മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള സി. അച്യുതമേനോൻ മെമ്മോറിയൽ അവാർഡ്, മികച്ച കൃഷിഭവനുള്ള വി. വി. രാഘവൻ മെമ്മോറിയൽ അവാർഡ്, സിബി കല്ലിങ്കൽ മെമ്മോറിയൽ കർഷകോത്തമ പുരസ്കാരം, മികച്ച പാടശേഖരസമിതിക്കുള്ള പദ്‌മശ്രീ കെ. വിശ്വനാഥൻ മെമ്മോറിയൽ അവാർഡ് എന്നിവയും വിതരണം ചെയ്യും. കൃഷിയിലെ മികവ്, നൂതന-ജൈവ കൃഷിരീതികൾ, വിത്ത് സംരക്ഷണം, മൂല്യവർധന, മാധ്യമപ്രവർത്തനം, വിദ്യാർത്ഥികളുടെയും സഹകരണ-തദ്ദേശ സ്ഥാപനങ്ങളുടെയും പങ്കാളിത്തം തുടങ്ങിയ വിവിധ മേഖലകൾ പരിഗണിച്ചാണ് അവാർഡുകൾ നിശ്ചയിച്ചിരിക്കുന്നത്. ചിങ്ങം ഒന്നായ 2026 ഓഗസ്റ്റ് 17-ന് എറണാകുളം കളമശ്ശേരി ആശിഷ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന സംസ്ഥാനതല കർഷക ദിനാഘോഷ പരിപാടിയിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ അവാർഡുകൾ വിതരണം ചെയ്യും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *