October 9, 2026

പഴശ്ശിരാജ ചുരമില്ലാപ്പാത: സാങ്കേതിക നടപടിക്രമങ്ങൾ വ്യക്തമാക്കി തുറന്ന കത്ത് നൽകി

0
IMG_20260828_200622
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: നിർദ്ദിഷ്ട പഴശ്ശിരാജ ചുരമില്ലാപ്പാത കുഞ്ഞോം വിലങ്ങാട് റോഡ്നിർമ്മാണാനുമതിയിലേക്കും തുടർനടപടികളിലേക്കും എത്തുന്നതിനായി പാലിക്കേണ്ട സാങ്കേതിക നടപടിക്രമങ്ങൾ വിവരിച്ചുകൊണ്ട് ജനകീയ കൂട്ടായ്മ ഭാരവാഹികൾ നാദാപുരം എം.എൽ.എ. കെ.എം. അഭിജിത്തിനും മാനന്തവാടി എം.എൽ.എ. ഉഷാ വിജയനും തുറന്ന കത്ത് അയച്ചു. വിവിധ വിദഗ്ദ്ധരുമായി ചർച്ച ചെയ്ത് തയ്യാറാക്കിയ 16 ഘട്ടങ്ങളുള്ള വിശദമായ റോഡ് മാപ്പാണ് പഴശ്ശിരാജ ചുരമില്ലാപാത ആന്റ് റൂറൽ ഡെവലപ്മെന്റ് കമ്മറ്റി

ചെയർമാൻ ഷൗക്കത്ത് അലി ഏരോത്തിന്റെ പേരിൽ ജനകീയ കൂട്ടായ്മ ജനപ്രതിനിധികൾക്ക് മുന്നിൽ സമർപ്പിച്ചത്.

 

കോഴിക്കോട് അല്ലെങ്കിൽ വയനാട് ജില്ലാ പി.ഡബ്ല്യു.ഡി. റോഡ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ചുമതലയിൽ 6.25 കിലോമീറ്റർ ആകാശപ്പാത/വയഡക്റ്റ് നിർമ്മാണം, സുരക്ഷാ ബാരിക്കേഡുകൾ, വന്യജീവികൾക്കായി കുളങ്ങൾ എന്നിവയുൾപ്പെടുന്ന പ്രാഥമിക പദ്ധതി ആശയം തയ്യാറാക്കുന്നതാണ് ഇതിലെ ആദ്യപടി. തുടർന്ന് ഡ്രോൺ, ലൈഡർ , ടോപ്പോഗ്രാഫിക്കൽ സർവേകൾക്കായി എസ്റ്റിമേഷൻ തയ്യാറാക്കി സംസ്ഥാന സർക്കാരിൽ നിന്ന് ഔദ്യോഗിക ഭരണാനുമതി നേടണം. കെ.എച്ച്.ആർ.ഐ. പോലെയുള്ള ഏജൻസികൾ വഴി സർവേ നടത്തിക്കുന്നതാണ് നടപടികൾ വേഗത്തിലാക്കാൻ അനുയോജ്യമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. വനമേഖലയിലെ സർവേക്കായി വനംവകുപ്പിന്റെ പ്രാഥമിക അനുമതി നേടുന്നതിനൊപ്പം, ഭാവിയിൽ പൂഴിത്തോട്-പടിഞ്ഞാറത്തറ പാതയുടെ അവസ്ഥ ഉണ്ടാകാതിരിക്കാൻ കേന്ദ്ര വനംവകുപ്പിന്റെ ‘പരിവേഷ്’ പോർട്ടൽ വഴി പ്രവേശനാനുമതി ഉറപ്പാക്കി വേണം വിശദമായ ഡ്രോൺ-ലൈഡർ -മണ്ണ്-ട്രാഫിക് പഠനങ്ങൾ നടത്തി അന്തിമ അലൈൻമെന്റിൽ എത്തുവാൻ.

 

അന്തിമ അലൈൻമെന്റ്, വയഡക്റ്റ് രൂപകൽപ്പന, വനഭൂമി-മരങ്ങൾക്കുള്ള നഷ്ടപരിഹാര തുക, ആകെ ചെലവ് എന്നിവ ഉൾപ്പെടുത്തി ഡി.പി.ആർ. തയ്യാറാക്കിയ ശേഷം പരിവേഷ് പോർട്ടൽ വഴി പരിസ്ഥിതി-സാമൂഹിക പഠനങ്ങളും വന്യജീവി ആഘാതപഠനങ്ങളും നടത്തണം. ഇതിനുശേഷം കേന്ദ്ര വനംവകുപ്പിൽ നിന്ന് സ്റ്റേജ്-1 പ്രാഥമിക വനാനുമതി നേടുകയും, അതിലെ നിബന്ധനകളായ പകരമുള്ള വനവൽക്കരണം, നെറ്റ് പ്രെസെന്റ് വാല്യൂ തുക അടയ്ക്കൽ, വന്യജീവി സംരക്ഷണ ഉപാധികൾ എന്നിവ പൂർത്തിയാക്കി സ്റ്റേജ്-2 അന്തിമ വനാനുമതി കരസ്ഥമാക്കേണ്ടതുണ്ട്.

 

അന്തിമ വനാനുമതി ലഭിക്കുന്നതോടെ പദ്ധതിയുടെ ചെലവിനും രൂപകൽപ്പനയ്ക്കും സംസ്ഥാന സർക്കാരിന്റെ ഭരണ-സാങ്കേതിക അനുമതികൾ ലഭ്യമാക്കുകയും, ടെൻഡർ നടപടികളിലൂടെ കോൺട്രാക്ടറെ തിരഞ്ഞെടുത്ത് വയഡക്റ്റ്, റോഡ്, ഡ്രെയിനേജ്, മറ്റ് സുരക്ഷാ സംവിധാനങ്ങൾ എന്നിവയുടെ നിർമ്മാണം ആരംഭിക്കാനും സാധിക്കും. നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കി മുഖ്യമന്ത്രിയെക്കൊണ്ട് പാത ഉദ്ഘാടനം ചെയ്യിക്കുന്നതോടെ പദ്ധതി യാഥാർത്ഥ്യമാകുമെന്ന് കത്തിൽ പറയുന്നു. രണ്ട് എം.എൽ.എമാർക്കും ഈ പ്രോജക്റ്റിനോടുള്ള താല്പര്യം ജനകീയ കൂട്ടായ്മയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നതാണെന്നും ഷൗക്കത്ത് അലി ഏരോത്ത് വ്യക്തമാക്കി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *