മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന് കൈത്താങ്ങായി മഹല്ല് കൂട്ടായ്മ; 12 വീടുകളുടെ താക്കോൽ കൈമാറി
കൽപറ്റ: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി എറണാകുളം ജില്ലാ മഹല്ല് കൂട്ടായ്മ നടപ്പാക്കുന്ന ഭവന പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് നിർവഹിച്ചു. പണി പൂർത്തിയായ 12 വീടുകളുടെ താക്കോൽ കൈമാറ്റവും, നിർമാണം പുരോഗമിക്കുന്ന രണ്ട് വീടുകൾക്കുള്ള ആധാരവും ഗുണഭോക്താക്കൾക്ക് കൈമാറി. 14 കുടുംബങ്ങളുടെ പുനരധിവാസത്തിനാണ് പദ്ധതിയിലൂടെ വഴിയൊരുങ്ങുന്നത്.
ഓരോ കുടുംബത്തിനും അഞ്ച് സെന്റ് സ്ഥലവും, 860 ചതുരശ്ര അടി വിസ്തീർണമുള്ള വീടുമാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നത്. എറണാകുളം ജില്ലയിലെ വിവിധ മഹല്ലുകളുടെ സഹകരണത്തിലൂടെയാണ് പദ്ധതിക്ക് ആവശ്യമായ വിഭവങ്ങൾ സമാഹരിച്ചത്. കോട്ടയം ജില്ലയിലെ കങ്ങഴ മുസ്‌ലിം ജമാഅത്ത് പദ്ധതിയിലേക്ക് ഒരു ഭവനം നിർമിച്ചു നൽകി. പത്തനംതിട്ട മഹല്ല് കൂട്ടായ്മ പദ്ധതിയിൽ സഹകരിച്ചു.
ഉദ്ഘടന സമ്മേളനത്തിൽ ജനപ്രതിനിധികളും, മതപണ്ഡിതൻമാരും, മഹല്ല് ഭാരവാഹികളും, സാമൂഹിക പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.
എറണാകുളം ജില്ലാ മഹല്ല് കൂട്ടായ്മ ചെയർമാൻ മുഹമ്മദ് വെട്ടത്ത് അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ജുനൈദ് അസ്ഹരിദുആക്ക് നേതൃത്വം നൽകി. മഹല്ല് കൂട്ടായ്മ ജനറൽ സെക്രട്ടറി സി.കെ. അമീർ സ്വാഗതം പറഞ്ഞു. ചീഫ് കോർഡിനേറ്റർ ടി.എ.മുജീബ് റഹ്മാൻ ആമുഖ പ്രഭാഷണം നടത്തി. വർക്കിങ് ചെയർമാൻ ഷെരീഫ് പുത്തൻപുര പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. മഹല്ല് കുട്ടായ്മ രക്ഷാധികാരി വി.എച്ച്.അലിയാർ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി. രജിത കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനുവിനും, ഭവന നിർമ്മാണത്തിന് നേതൃത്വം നൽകിയ ലത്തീഫ് അഹ്സനി, അബ്ദു ഹാജി എന്നവരെ സമ്മേളനത്തിൽ ആദരിച്ചു. കോൺടാക്ടർമാരായ നാസറിനും, ഷിഹാബിനും ഉപഹാരം നൽകി.
ഓണമ്പിള്ളി അബ്ദുൽ സലാം മൗലവി, ഡോ.ഹാഫിസ് ജുനൈദ് ജൗഹരി, അബ്ദുൽ അസീസ് മിസ്ബാഹി, ഇസ്മായിൽ ഹസനി, അമീർ അഹ്സൻ ബാഖവി, ഇബ്രാഹിം ഹാജി അൽ ഖാസിമി, വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, ജില്ലാ പഞ്ചായത്ത് മെമ്പർ സുനിൽ കുമാർ, കോട്ടത്തറ പഞ്ചായത്ത് മുൻ പ്രസിഡന്റ് റിനീഷ്, മേപ്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിഹാബ്, വാർഡ് മെമ്പർ സഹദ് തുടങ്ങിയവർ സംസാരിച്ചു.
മഹല്ല് കൂട്ടായ്മ ട്രഷറർ സി. വൈ. മീരാൻ കണ്ടന്തറ കൃതജ്ഞത രേഖപ്പെടുത്തി.





Leave a Reply