September 1, 2026

അതിരുകളില്ലാത്ത സ്നേഹവുമായി കാക്കിക്കൂട്ടം; ‘സ്നേഹതീര’ത്ത് ആഹ്ലാദത്തിരമാലകൾ

0
WhatsApp Image 2026-09-01 at 10.31.39 AM
By ന്യൂസ് വയനാട് ബ്യൂറോ

പൊഴുതന: അതിരുകളില്ലാത്ത സ്‌നേഹത്തിന്റെയും കരുതലിന്റെയും സന്തോഷത്തിന്റെയും തിരമാലകളുമായി കാക്കിക്കൂട്ടം ‘സ്‌നേഹതീര’ത്തേക്ക് ഇരമ്പിയെത്തി. ആവേശത്തിലും ആഹ്ലാദത്തിലും ആടിയും പാടിയും, കൈയടിച്ചും ആ സ്‌നേഹതിരമാലകളിൽ പൊഴുതന ലവ് ഷോർ സ്‌പെഷ്യൽ സ്‌കൂൾ ആടിയുലഞ്ഞു. ‘കൂടെയുണ്ട് കൂട്ടായി’ എന്ന പേരിൽ വയനാട് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ വൈത്തിരി പോലീസ് ജനമൈത്രി സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്‌നേഹസംഗമത്തിലാണ് ആഘോഷം അലതല്ലിയത്.

സ്‌കൂളിലെത്തിയ പോലീസ് ഉദ്യോസ്ഥരെയെല്ലാം സല്യൂട്ടോട് കൂടിയാണ് കാവുംമന്ദം സ്വദേശിയായ അഭിജിത്ത് എസ്. നായർ വരവേറ്റത്. മറ്റുള്ളവർ നിറചിരികളോടെയും തോളിൽ കൈയ്യിട്ടും കെട്ടിപിടിച്ചും എളുപ്പത്തിൽ കാക്കിക്കൂട്ടത്തോടു കൂട്ടുകൂടി. ഓണാവധിക്ക് ശേഷം ആദ്യമായി സ്‌കൂളിലെത്തിയ സന്തോഷവും വിശേഷങ്ങളും അവർ പോലീസുകാരുമായി പങ്കുവെച്ചു. തുടർന്ന് നടന്ന സംഗമം വയനാട് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. ലോകം വിജയികളുടെത് മാത്രമല്ലെന്നും, എല്ലാവർക്കും സന്തോഷത്തോടെ ജീവിക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ എല്ലാവരും വളരെ പ്രധാനപ്പെട്ടവരാണ്. ഓരോരുത്തർക്കും ഓരോ കഴിവുകളുണ്ട്. മത്സരിച്ചു ജീവിക്കുന്നതിനേക്കാൾ സന്തോഷത്തോടെ ജിവിക്കുന്നതാണ് പ്രധാനമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

കൽപ്പറ്റ ഡിവൈ.എസ്.പി അഗസ്റ്റിൻ ചടങ്ങിൽ അധ്യക്ഷനായി. എല്ലാ കുട്ടികൾക്കും അദ്ധ്യാപകർക്കും സ്‌നേഹസമ്മാനങ്ങൾ വിതരണം ചെയ്തു. ഉദ്ഘാടനപരിപാടിക്ക് ശേഷം പോലീസ് ഉദ്യോഗസ്ഥരായ ദാമോധരൻ ചീക്കല്ലൂർ, വിനോദ്, മുസ്തഫ, പ്രജിത്, ഷെറിൻ തുടങ്ങിയവരും, സൈനു, മഞ്ജുഷ, രാജലക്ഷ്മി തുടങ്ങിയവരും കുട്ടികൾക്കായി പാട്ടുകൾ പാടി. കുട്ടികളും അവർക്കൊപ്പം ചുവടുവെച്ചു. വിഷ്ണുമായ, സഫ, സൈദ്, നിജില, അൻസിയ തുടങ്ങിയ കുട്ടികളും പോലീസ് ഉദ്യോഗസ്ഥഗർക്കായി പാട്ടുകൾ പാടി.

വൈത്തിരി എസ്.എച്ച്.ഒ എസ്.ഐ. സോബിൻ, ജനമൈത്രി ജില്ലാ അസി. നോഡൽ ഓഫീസർ ദാമോദരൻ ചീക്കല്ലൂർ, ജനമൈത്രി കോ-ഓർഡിനേറ്റർ കെ.പി. മുരളീധരൻ, വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് സി.വി. രാജൻ, സ്‌കൂൾ എച്ച്.എം സൗമ്യ, ഡോളി പൊഴുതന, ആരിഷ, ജനമൈത്രി സമിതി അംഗങ്ങളായ സി.വി. ദേവസ്യ, അജി പൊഴുതന, സുലൈമാൻ അച്ചൂർ, ജോസഫ്, എസ്.സി.പി.ഒ കമറുദ്ദീൻ, ജനപ്രതിനിധികൾ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികൾ, ടാക്‌സി തൊഴിലാളി പ്രതിനിധികൾ, പാലിയേറ്റീവ് പ്രവർത്തകർ തുടങ്ങിയ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ചടങ്ങിൽ പങ്കാളികളായി. സ്‌നേഹ വിരുന്നോടുകൂടിയാണ് സംഗമം സമാപിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *