സർക്കാർ മെഡിക്കൽ കോളേജ് മടക്കിമലയിൽ സ്ഥാപിക്കണം: പ്രതിഷേധവുമായി ആക്ഷൻ കമ്മിറ്റി
കൽപ്പറ്റ: വയനാട് സർക്കാർ മെഡിക്കൽ കോളേജ് മടക്കിമലയിലെ ദാന ഭൂമിയിൽ തന്നെ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധവും ശുചീകരണവും നടത്തി. മടക്കിമലയിൽ കാടുകയറിക്കിടന്ന മെഡിക്കൽ കോളേജ് ബോർഡിന്റെ പരിസരം വെട്ടിത്തെളിച്ച കമ്മിറ്റി അംഗങ്ങൾ, കവാടത്തിലെ ബസ് സ്റ്റോപ്പിൽ ‘മടക്കിമല മെഡിക്കൽ കോളേജ് ബസ് സ്റ്റോപ്പ്’ എന്ന ബോർഡും സ്ഥാപിച്ചു.
കേരളത്തിലെ എല്ലാ ജില്ലകൾക്കും സ്വന്തമായി മെഡിക്കൽ കോളേജുകൾ ലഭിച്ചപ്പോഴും വയനാടിന് റഫറൽ ആശുപത്രി മാത്രമാണ് ഉള്ളതെന്ന് ആക്ഷൻ കമ്മിറ്റി കുറ്റപ്പെടുത്തി. മുൻപ് ഉമ്മൻചാണ്ടി സർക്കാർ അനുവദിച്ച മെഡിക്കൽ കോളേജ് വ്യാജ പരിസ്ഥിതി റിപ്പോർട്ട് ഉണ്ടാക്കി അട്ടിമറിക്കുകയായിരുന്നുവെന്ന് ആക്ഷൻ കമ്മിറ്റി ചെയർമാൻ ഫിലിപ്പുകുട്ടി ആരോപിച്ചു. ആറുവർഷമായി തിരഞ്ഞിട്ടും മാനന്തവാടിയിൽ മെഡിക്കൽ കോളേജിന് അനുയോജ്യമായ ഭൂമി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉടനടി ഒരുക്കിയില്ലെങ്കിൽ മെഡിക്കൽ കോളേജിന്റെ അഫിലിയേഷൻ റദ്ദാകുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലയുടെ ഹൃദയഭാഗത്ത് ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് ദാനമായി നൽകിയ 54 ഏക്കർ ഭൂമി സർക്കാരിന്റെ കൈവശമുണ്ടായിരിക്കെ, പുതിയ ഭൂമി കണ്ടെത്താനുള്ള നാടകം അധികൃതർ അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. നെഹ്റു കുടുംബത്തിന്റെ ഈ മണ്ഡലത്തിൽ ലക്ഷക്കണക്കിന് വോട്ട് നൽകി ജനപ്രതിനിധികളെ ജയിപ്പിച്ചിട്ടും മെഡിക്കൽ കോളേജിനായി വയനാടൻ ജനത 11 വർഷമായി അലയുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് മാത്രം വാഗ്ദാനം നൽകി ജയിച്ചുകഴിഞ്ഞാൽ മൗനം പാലിക്കുന്ന രീതിയാണ് മുന്നണികൾ കാണിക്കുന്നതെന്നും, നിലവിലെ എം.എൽ.എ.യും മന്ത്രിയുമായ ടി. സിദ്ധിഖ് ഈ വിഷയത്തിൽ കൃത്യമായ നയം വ്യക്തമാക്കണമെന്നും ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.





Leave a Reply