September 12, 2026

മാനന്തവാടി മെഡിക്കൽ കോളേജിലെ അനസ്തേഷ്യ ഡോക്ടർമാരുടെ ഒഴിവുകൾ അടിയന്തരമായി നികത്തണം: യങ് ഡെമോക്രാറ്റ്സ്

0
IMG_20260912_150329
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വയനാട്ടിലെ സാധാരണക്കാരുടെ പ്രധാന ആശ്രയമായ മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടർമാരുടെ കുറവ് മൂലം ശസ്ത്രക്രിയാ സംവിധാനങ്ങൾ പ്രതിസന്ധിയിലായിട്ടും സർക്കാർ അടിയന്തര നടപടി സ്വീകരിക്കാത്തത് ഗുരുതരമായ അനാസ്ഥയാണെന്ന് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി ആരോപിച്ചു.

 

ഒമ്പത് അനസ്തേഷ്യ ഡോക്ടർമാരുണ്ടായിരുന്ന സ്ഥാനത്ത് നിലവിൽ അഞ്ച് പേർ മാത്രമാണുള്ളത്. ഇതിൽ രണ്ട് പേർ കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടവരാണ്. രണ്ട് ഡോക്ടർമാർ രണ്ട് മാസം മുമ്പും മറ്റ് രണ്ട് പേർ ഏതാനും ദിവസങ്ങൾക്ക് മുമ്പുമാണ് സ്ഥലംമാറിപ്പോയത്. എന്നാൽ പകരം ഡോക്ടർമാരെ നിയമിക്കാനോ ആവശ്യമായ ബദൽ സംവിധാനം ഒരുക്കാനോ അധികൃതർ തയ്യാറായിട്ടില്ല. ഇ.എൻ.ടി., ഗൈനക്കോളജി, ഓർത്തോ തുടങ്ങിയ വിഭാഗങ്ങളിലായി ആഴ്ചയിൽ നൂറോളം പ്രധാന ശസ്ത്രക്രിയകൾ നടക്കുന്ന ആശുപത്രിയാണിത്. ഇതിന് പുറമെ അടിയന്തര ശസ്ത്രക്രിയകളും മൈനർ സർജറികളും നിരവധിയുണ്ട്. ഇത്തരമൊരു സ്ഥാപനത്തിൽ അനസ്തേഷ്യ വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത് ചികിത്സാ സംവിധാനത്തിന്റെ ഗുരുതരമായ വീഴ്ചയാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.

 

പ്രത്യേകിച്ച് അപകടങ്ങൾ, അത്യാഹിതങ്ങൾ, പ്രസവസംബന്ധമായ അടിയന്തര സാഹചര്യങ്ങൾ എന്നിവയിൽ അനസ്തേഷ്യ വിദഗ്ധരുടെ സേവനം നിർണായകമാണ്. നിലവിലെ കുറവ് തുടർന്നാൽ ശസ്ത്രക്രിയകൾ മാറ്റിവയ്ക്കേണ്ട സാഹചര്യം മാത്രമല്ല, അടിയന്തര ചികിത്സ തേടിയെത്തുന്ന രോഗികളുടെ ജീവൻ പോലും അപകടത്തിലാകുന്ന സ്ഥിതിയുണ്ടാകാം. വയനാട്ടിലെ ജനങ്ങൾക്ക് ലഭിക്കേണ്ട ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യം സർക്കാർ ഉണ്ടാക്കരുത്. ഡോക്ടർമാരുടെ സ്ഥലംമാറ്റം സ്വാഭാവിക ഭരണനടപടിയാണെങ്കിൽ, അതിന് മുമ്പ് പകരം സംവിധാനം ഒരുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ഒഴിവുകൾ നികത്താതെ ആശുപത്രിയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത് ജനങ്ങളോടുള്ള കടുത്ത അനീതിയാണ്. ജനങ്ങളുടെ ജീവൻ വെച്ച് പന്താടരുത്. അനസ്തേഷ്യ വിഭാഗത്തിലെ മുഴുവൻ ഒഴിവുകളും അടിയന്തരമായി നികത്തുകയും ആവശ്യമായ സ്ഥിരം ഡോക്ടർമാരെ നിയമിക്കുകയും ശസ്ത്രക്രിയകൾ തടസ്സമില്ലാതെ നടക്കുന്നതിനുള്ള സംവിധാനങ്ങൾ ഉറപ്പാക്കുകയും വേണം. അല്ലാത്തപക്ഷം വിഷയത്തിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും യങ് ഡെമോക്രാറ്റ്സ് വ്യക്തമാക്കി.

 

യോഗത്തിൽ ജില്ലാ കൺവീനർ കെ.എസ്. മുഹമ്മദ് സകരിയ്യ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് കൺവീനർമാരായ വി.എം. സവാദ്, അജ്നാസ് പി.കെ, കമ്മിറ്റിയംഗങ്ങളായ അഫ്സൽ എം, യാസിർ പി.ടി, അനസ് കെ.വി തുടങ്ങിയവർ പങ്കെടുത്തു. ജോയിന്റ് കൺവീനർ അൻഷിഫ് പി. സ്വാഗതവും, സുമയ്യ പി.കെ. നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *