September 13, 2026

സംസ്ഥാനത്ത് ചൂട് വർധിക്കുന്നു: ജാഗ്രത നിർദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി

0
IMG_20260913_132255
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് താപനില സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ച സാഹചര്യത്തിലാണിത്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

 

പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കേണ്ടതാണ്. ദാഹമില്ലെങ്കിലും പരമാവധി ശുദ്ധജലം കുടിക്കുന്നത് തുടരുക. എന്നാൽ നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കണം. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങളും പുറത്തിറങ്ങുമ്പോൾ പാദരക്ഷകളും ധരിക്കാൻ ശ്രദ്ധിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതാണ്. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുന്നതോടൊപ്പം ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും കുടിവെള്ളം എപ്പോഴും ചെറിയ കുപ്പിയിൽ കയ്യിൽ കരുതുകയും വേണം.

 

മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലായതിനാൽ ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കേണ്ടതുമാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും ജാഗ്രത പാലിക്കുകയും വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കുകയും വേണം.

 

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും പരീക്ഷാഹാളുകളിൽ ജലലഭ്യതയും ഉറപ്പാക്കണം. കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകൾ 11 am മുതൽ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം. അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ പഞ്ചായത്ത്‌ അധികൃതരും ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

 

കിടപ്പുരോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ തുടങ്ങിയവർ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണം. ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ, മാധ്യമപ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ഉച്ചസമയത്ത് സുരക്ഷിതരാണെന്ന് ഉറപ്പാക്കുകയും തണലും കുടിവെള്ളവും ഉപയോഗിക്കുകയും വേണം. പൊതുപരിപാടികൾ കഴിവതും 11 മുതൽ 3 വരെ ഒഴിവാക്കുക. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ എന്നിവർ ജോലി സമയം ക്രമീകരിക്കേണ്ടതാണ്.

 

ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകരുത്. ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി സംഭരിക്കാനും ശ്രദ്ധിക്കുക. അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക. ഔദ്യോഗിക മുന്നറിയിപ്പുകൾ കർശനമായി പാലിക്കേണ്ടതാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *