വയനാടിന്റെ സുസ്ഥിര വികസനത്തിനായി ‘ഭൂമി’ വെബ് പ്ലാറ്റ്ഫോം പ്രവർത്തനം ആരംഭിച്ചു
തിരുവനന്തപുരം: വയനാട് ജില്ലയെ കാർബൺ ന്യൂട്രലിൽ നിന്ന് കാലാവസ്ഥാ അനുകൂല നിലയിലേക്ക് കൊണ്ടുവന്ന് സുസ്ഥിര വികസനം സാധ്യമാക്കുന്നതിനായി രൂപകൽപ്പന ചെയ്ത പൊതു–സ്വകാര്യ–സാമൂഹിക പങ്കാളിത്ത (പിപി എസ്പി ) മാതൃകയിലുള്ള ‘ഭൂമി’ പദ്ധതിയുടെ വെബ് പ്ലാറ്റ്ഫോം മുഖ്യമന്ത്രി വി. ഡി. സതീശൻ, കൃഷിമന്ത്രി ടി. സിദ്ദിഖിന്റെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു. വയനാട്ടിലെ വികസന പ്രവർത്തനങ്ങളിൽ വിവിധ മേഖലകളെ ഏകോപിപ്പിക്കുന്ന സഹകരണ സംവിധാനത്തിന് രൂപം നൽകുന്നതിലെ സുപ്രധാന ചുവടുവയ്പ്പാണിത്. സംസ്ഥാനത്ത് വികസനത്തിന് പ്രത്യേക പരിഗണന നൽകേണ്ട ജില്ലയെന്ന നിലയിലാണ് ഭൂമി പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി വയനാടിനെ തെരഞ്ഞെടുത്തത്.
കൃഷിമന്ത്രി ടി. സിദ്ദിഖിന്റെ വികസന കാഴ്ചപ്പാടിന്റെ ഭാഗമായി, വയനാട് എം.പി. പ്രിയങ്ക ഗാന്ധിയുടെ മാർഗനിർദേശത്തോടെ രൂപംകൊണ്ട ജില്ലാ വികസന പ്ലാറ്റ്ഫോം എന്ന നിലയിലാണ് ഭൂമി പദ്ധതി പ്രവർത്തനം ആരംഭിക്കുന്നത്. ചലച്ചിത്രതാരം മോഹൻലാൽ നേതൃത്വം നൽകുന്ന വിശ്വശാന്തി ഫൗണ്ടേഷൻ പദ്ധതിയുടെ പ്രധാന പങ്കാളികളിലൊന്നാണ്. സർക്കാർ വകുപ്പുകൾ, സിഎസആർ പങ്കാളികൾ, കോർപ്പറേറ്റുകൾ, സന്നദ്ധ സംഘടനകൾ, അക്കാദമിക് സ്ഥാപനങ്ങൾ, വിദഗ്ധർ, പ്രാദേശിക സമൂഹങ്ങൾ എന്നിവയെ ഏകോപിപ്പിക്കുന്നതാണ് ഭൂമിയുടെ പ്രധാന ലക്ഷ്യം. വികസന പദ്ധതികൾ കണ്ടെത്തുന്നതും ആവശ്യമായ ധനസഹായം ഉറപ്പാക്കുന്നതും മുതൽ പദ്ധതികളുടെ നിർവഹണവും പ്രവർത്തന പുരോഗതിയും ഏകോപിപ്പിക്കുന്നതിന് ഈ പ്ലാറ്റ്ഫോം സഹായകരമാകും.
കൃഷി, വിദ്യാഭ്യാസം, നൈപുണ്യ വികസനം, ആദിവാസി–സാമൂഹിക വികസനം, കാലാവസ്ഥാ പ്രതിരോധം, പരിസ്ഥിതി സംരക്ഷണം, സുസ്ഥിര ടൂറിസം, സാങ്കേതികവിദ്യ, സംരംഭകത്വം, സ്ത്രീ–യുവജന ശാക്തീകരണം, ദുരന്തനിവാരണം തുടങ്ങിയ മേഖലകൾക്കായിരിക്കും പ്ലാറ്റ്ഫോം മുൻഗണന നൽകുക.
ഒരു വർഷം നീണ്ടുനിൽക്കുന്ന ഭൂമി പദ്ധതിയുടെ ഭാഗമായി ഡിസംബർ 19, 20 തീയതികളിൽ വയനാട്ടിൽ ‘ഭൂമി കോൺക്ലേവ്’ സംഘടിപ്പിക്കും. സർക്കാർ പ്രതിനിധികൾ, കോർപ്പറേറ്റ്–സി എസആർ രംഗത്തെ പ്രമുഖർ, വികസന സംഘടനകൾ, അക്കാദമിക് വിദഗ്ധർ, സാമൂഹിക പ്രവർത്തകർ, വിവിധ മേഖലകളിലെ വിദഗ്ധർ, ജനപ്രതിനിധികൾ എന്നിവർ കോൺക്ലേവിൽ പങ്കെടുക്കും. വികസനവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ തിരിച്ചറിയുക, വിജയകരമായ മാതൃകകളും പരിഹാരങ്ങളും അവതരിപ്പിക്കുക, ദീർഘകാല വികസനത്തിനായി വിവിധ മേഖലകളിൽ പങ്കാളിത്തം കെട്ടിപ്പടുക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.
കോൺക്ലേവിന്റെ ഭാഗമായി കൂട്ടായ ഉത്തരവാദിത്തത്തിന്റെയും സാമൂഹിക പുരോഗതിയുടെയും സന്ദേശം ഉയർത്തി ഡിസംബർ 20ന് ‘വയനാട് യൂണിറ്റി റൺ’ മാരത്തൺ സംഘടിപ്പിക്കും. വിവിധ മേഖലകളുടെ സഹകരണത്തോടെ ജില്ലാതല വികസനം സാധ്യമാക്കുന്ന, മറ്റ് പ്രദേശങ്ങളിലും മാതൃകയാക്കാവുന്ന സുസ്ഥിര വികസന മാതൃക രൂപപ്പെടുത്തുകയാണ് ഭൂമിയുടെ വിശാലമായ ലക്ഷ്യം.





Leave a Reply