പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു
പനമരം : കേരള യൂത്ത് ഫ്രണ്ട് (ജേക്കബ്) വയനാട് ജില്ലാ പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു. പനമരത്ത് നടന്ന സമ്മേളനം യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സാജൻ ജോസഫ് ഉദ്ഘാടനം ചെയ്തു. സാധാരണക്കാരായ ജനങ്ങളുടെയും കർഷകരുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ യുവജന പ്രസ്ഥാനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് സാജൻ ജോസഫ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ജില്ല നേരിടുന്ന വന്യജീവി ആക്രമണങ്ങൾ ഉൾപ്പെടെയുള്ള കാർഷിക-മലയോര മേഖലയിലെ പ്രതിസന്ധികളിൽ ജനങ്ങളുടെ ശബ്ദമായി മാറാൻ യൂത്ത് ഫ്രണ്ട് പ്രവർത്തകർക്ക് സാധിക്കണം. സംഘടനയെ താഴെത്തട്ടിൽ ശക്തിപ്പെടുത്താനും ജനകീയ വിഷയങ്ങളിൽ ശക്തമായി ഇടപെടാനും യുവജനങ്ങൾ മുന്നോട്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലയിലെ യൂത്ത് ഫ്രണ്ട് പ്രസ്ഥാനത്തിന്റെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും സംഘടനാ കരുത്തിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു. വയനാട്ടിൽ നടക്കുന്ന സംസ്ഥാന ക്യാമ്പിനുള്ള സംഘാടക സമിതിയും രൂപീകരിച്ചു.
യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സമീർ പുളിക്കൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ എം.സി. സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. പാർട്ടി നേതാക്കളായ എം.ജി. മനോജ്, ബൈജു ഐസക്, അഡ്വ. വി.ജി. വർഗീസ്, ബാബു പൊടിയാടൻ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബെന്നി അരിഞ്ചേർമല, യു.ഡി.എഫ്. കൺവീനർ വാസു അമ്മാനി എന്നിവർ സംസാരിച്ചു.





Leave a Reply