പൂഴിത്തോട് – പടിഞ്ഞാറത്തറ പാത: ഭരണകൂട അവഗണനയ്ക്കെതിരെ പ്രതിഷേധവുമായി ജനകീയ കർമ്മ സമിതി; സ്മൃതി സായാഹ്നം സംഘടിപ്പിച്ചു
പടിഞ്ഞാറത്തറ: പൂഴിത്തോട് – പടിഞ്ഞാറത്തറ ചുരമില്ലാ പാതയോട് മാറി മാറി വരുന്ന ഭരണകൂടങ്ങൾ കഴിഞ്ഞ 32 വർഷമായി തുടരുന്ന അവഗണനയിൽ പ്രതിഷേധിച്ച്, പാതയ്ക്ക് തറക്കല്ലിട്ടതിന്റെ ഓർമ്മദിനത്തോടനുബന്ധിച്ച് ജനകീയ കർമ്മ സമിതിയുടെയും റിലേ സമരത്തെ പിന്തുണയ്ക്കുന്ന വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ പടിഞ്ഞാറത്തറ ടൗണിൽ വായ മൂടിക്കെട്ടി പ്രതിഷേധവും പൊതുസമ്മേളനവും സംഘടിപ്പിച്ചു. റിലേ സമരപ്പന്തലിൽ വിവിധ സംഘടനകളുടെ കൊടികൾ ഉയർത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കമായത്. വാഗ്ദാനങ്ങൾ നൽകി പൊതുസമൂഹത്തിന്റെ വായ മൂടിക്കെട്ടുന്ന ഭരണകൂട സമീപനത്തിനെതിരെ നൂറുകണക്കിന് പ്രവർത്തകർ പ്രതിഷേധ റാലിയിൽ അണിനിരന്നു. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ പാതയ്ക്ക് വേണ്ടി ഭൂമി വിട്ടുനൽകിയ കുടുംബങ്ങളുടെ പ്രതിനിധികളായ 32 പേർ ശിലാഫലകത്തിന് മുന്നിൽ തിരിതെളിയിച്ചു.
പൊതുസമ്മേളനം എ.കെ.സി.സി. മാനന്തവാടി രൂപത പ്രസിഡന്റ് ജോൺസൻ തൊഴുത്തുങ്കൽ ഉദ്ഘാടനം ചെയ്തു. ആൾക്കൂട്ടത്തെ കാണുമ്പോൾ വാഗ്ദാനങ്ങൾ നൽകുന്നവരല്ല, നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ ആർജ്ജവം കാണിക്കുന്നവരാകണം ജനപ്രതിനിധികളെന്നും നാടിന്റെ ആവശ്യങ്ങൾക്ക് നേരെ മുഖം തിരിക്കുന്നത് ശരിയായ സമീപനമല്ലെന്നും അദ്ദേഹം പറഞ്ഞു. സമരത്തിന് എ.കെ.സി.സി. മാനന്തവാടി രൂപതയുടെ എല്ലാ പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു. കർമ്മ സമിതി പ്രസിഡന്റ് ശകുന്തള ഷണ്മുഖൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ‘സമര പോരാട്ടങ്ങളിൽ മത സംഘടനകളുടെ പങ്ക്’ എന്ന വിഷയത്തിൽ എസ്.വൈ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാലും, ‘വയനാട് ബദൽ റോഡും മെഡിക്കൽ കോളേജും’ എന്ന വിഷയത്തിൽ എസ്.എച്ച്.ആർ.പി.സി. ചെയർമാൻ അഡ്വ. എൽദോയും സന്ദേശം നൽകി.
കെ. രാജൻ (ബി.ജെ.പി. പഞ്ചായത്ത് പ്രസിഡന്റ്), ഉസ്മാൻ കുണ്ടാല (എസ്.ഡി.പി.ഐ. ജില്ലാ വൈസ് പ്രസിഡന്റ്), വി. രാജൻ (പ്രിന്റിങ് ഓണേഴ്സ് അസോസിയേഷൻ), ഇ.കെ. ദിവാകരൻ (എൻ.എസ്.എസ്.), ഖാലിദ് മാസ്റ്റർ (എസ്.കെ.എസ്.എസ്.എഫ്.), മൊയ്തു കാവുങ്കൽ (കർഷക കൂട്ടായ്മ), മുഹമ്മദ് ഫാരിസ് (റാഫ്), അരുൺ (ലെൻസ്ഫെഡ്), ശ്രീധരൻ മാസ്റ്റർ (വെറ്ററൻ അസോസിയേഷൻ), സണ്ണി (ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് പാർട്ടി) എന്നിവർ സംസാരിച്ചു. കമൽ ജോസഫ് സ്വാഗതവും ആലിക്കുട്ടി സി.കെ. നന്ദിയും പറഞ്ഞു. സാജൻ തുണ്ടിയിൽ, ഹംസ കുളങ്ങരത്ത്, വിശ്വനാഥൻ, നാസർ സി., ഉലഹന്നാൻ പട്ടർമഠം, ബെന്നി മാണിക്കത്ത്, കുഞ്ഞബ്ദുള്ളy പേരാൽ, ബിനു വി.കെ., യു.സി. ഹുസൈൻ, ജോമോൻ പി.ജെ., നാസർ കൈപ്രവൻ, ഷമീർ കടവണ്ടി, തങ്കച്ചൻ നടക്കൽ എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.




Leave a Reply