September 25, 2026

മുള്ളൻകൊല്ലി – പുൽപ്പള്ളി പഞ്ചായത്തുകളിൽ ജലവിഭവം ഫലപ്രദമായി ഉപയോഗപ്പെടുത്തണം: ശാസ്ത്ര സാഹിത്യ പരിഷത്ത്

0
IMG_20260925_162808
By ന്യൂസ് വയനാട് ബ്യൂറോ

മുള്ളൻകൊല്ലി – പുൽപ്പള്ളി പഞ്ചായത്തുകളിൽ വരൾച്ച രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പ്രദേശത്തെ ജലവിഭവം ഫലപ്രദമായി ഉപയോഗപ്പെടുത്താൻ ശാശ്വത പദ്ധതികൾ വേണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുൽപ്പള്ളി മേഖല കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വയനാട്ടിൽ ഏറ്റവും കുറഞ്ഞ മഴ ലഭിക്കുന്നതും കർണാടകയോട് ചേർന്ന് കിടക്കുന്നതുമായ ഇവിടെ ശരാശരി 1500 മില്ലിമീറ്ററിൽ താഴെ മാത്രമാണ് മഴ ലഭിക്കുന്നത്. 1932 മുതൽ 2000 വരെയുള്ള 68 വർഷത്തിനിടയിൽ നാല് വർഷങ്ങളിൽ മാത്രം കടുത്ത വരൾച്ചയുണ്ടായ സ്ഥാനത്ത്, കാലാവസ്ഥാ വ്യതിയാനം കാരണം 2000 മുതൽ 2026 വരെയുള്ള 26 വർഷത്തിനിടയിൽ ഏഴ് വർഷങ്ങളിലും കടുത്ത വരൾച്ച അനുഭവപ്പെട്ടു.

 

ഈ വർഷം എൽ-നിനോ പ്രതിഭാസം മൂലം മഴ 30 ശതമാനത്തിൽ താഴെ മാത്രമാണ് ലഭിച്ചതെന്നും, വണ്ടിക്കടവ് മുതൽ പെരിക്കല്ലൂർ വരെ ഇതിലും കുറവാണെന്നും പരിഷത്ത് ചൂണ്ടിക്കാട്ടി. മുൻകരുതലുകൾ എടുക്കാൻ കഴിയാതിരുന്നതിനാൽ അടുത്ത വർഷം കടുത്ത വരൾച്ചയ്ക്ക് സാധ്യതയുണ്ട്. നിലവിൽ ഗ്രാമപഞ്ചായത്തുകൾ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെങ്കിലും അവ താൽക്കാലിക പരിഹാരങ്ങൾ മാത്രമാണ്. 260.4 കിലോമീറ്റർ നീളമുള്ള അരുവികളും 5 പ്രധാന തോടുകളും 16 കിലോമീറ്റർ നീളത്തിൽ കബനി നദിയും ഈ പ്രദേശത്തുണ്ടെങ്കിലും ജലവിഭവങ്ങൾ ശരിയായി പരിപാലിക്കപ്പെടുന്നില്ല. കടമാൻതോട്ടിലെയും മറ്റ് തോടുകളിലെയും ഭൂരിഭാഗം തടയണകളും ഷട്ടറുകൾ ഇല്ലാത്തതിനാലും കൃത്യമായ പരിപാലനം ലഭിക്കാത്തതിനാലും പ്രവർത്തനരഹിതമാണ്. കൂടാതെ നല്ല ജലസംഭരികളായ നെൽവയലുകൾ വ്യാപകമായി നഷ്ടപ്പെടുകയും ചെയ്തു.

 

ഈ സാഹചര്യത്തിൽ വരൾച്ച നേരിടാൻ ദീർഘകാല ശാശ്വത പരിഹാരങ്ങൾ നടപ്പിലാക്കണമെന്ന് പരിഷത്ത് ആവശ്യപ്പെടുന്നു. കബനി നദിയിലെ വെള്ളം പരമാവധി ഉപയോഗപ്പെടുത്തുന്നതിന് കുറുവാ ദ്വീപ്, ചേകാടി, മരക്കടവ് ഡിപ്പോ എന്നിവിടങ്ങളിൽ വലിയ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ തുടങ്ങണം. മരക്കടവ് ഡിപ്പോയിലെ കുടിവെള്ള പദ്ധതി ജനുവരിക്ക് മുമ്പ് കമ്മീഷൻ ചെയ്യുകയും കാരപ്പുഴയിൽ നിന്നുള്ള കുടിവെള്ള പദ്ധതി അടിയന്തിരമായി പൂർത്തിയാക്കുകയും വേണം. കന്നാരംപുഴ, കടമാൻ തോട്, മണിപ്പുഴ എന്നീ പ്രധാന തോടുകളിൽ 0.3 ടി.എം.സി ജലം സംഭരിക്കാൻ കഴിയുന്ന മിനി ഡാമുകളും, ചെറുതോടുകളിൽ 1 മുതൽ 2 ടി.എം.സി വരെ വെള്ളം സംഭരിക്കാവുന്ന ചെറു ഡാമുകളും നിർമ്മിക്കണം. 50 വർഷത്തിലധികമായി ചർച്ച ചെയ്യുന്ന കടമാൻതോട് പദ്ധതിയുടെ ഭൂതല സർവ്വേ ഫലങ്ങൾ ഉടനടി പ്രസിദ്ധീകരിച്ച്, ജനങ്ങളുമായി സംവദിച്ച് ആവശ്യമായ മാറ്റങ്ങളോടെ നടപ്പാക്കണം.

 

തോടുകൾ ശുചീകരിക്കുമ്പോൾ മണ്ണൊലിപ്പും ജലനഷ്ടവും ഒഴിവാക്കാൻ മാലിന്യങ്ങളും ചപ്പുചവറുകളും മാത്രം നീക്കം ചെയ്യുക, നിലവിലുള്ള തടയണകൾ സംരക്ഷിക്കാൻ ജനകീയ കമ്മിറ്റി രൂപീകരിക്കുക, ആവശ്യാനുസരണം മാത്രം പുതിയ തടയണകൾ നിർമ്മിക്കുക എന്നിവയും നിർദ്ദേശിച്ചു. ഓരോ പുരയിടത്തിലും വീഴുന്ന വെള്ളം മണ്ണിൽ താഴാൻ മണ്ണ്-ജലസംരക്ഷണ മാർഗ്ഗങ്ങൾ ഉറപ്പാക്കുകയും പുതിയ വീടുകളിൽ മഴവെള്ള സംഭരണി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. വയലുകൾ തരം മാറ്റുന്നതും മറ്റ് കൃഷികൾ ചെയ്യുന്നതും തടയുക, കിണറുകളും ജലസേചന കുളങ്ങളും സംരക്ഷിക്കുക, ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ജല സാക്ഷരതാ പരിപാടികൾ സംഘടിപ്പിക്കുക എന്നിവയും പ്രമേയത്തിൽ ആവശ്യപ്പെടുന്നു.

 

ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള പല പദ്ധതികളും ഇഴഞ്ഞു നീങ്ങുകയാണെന്നും, ത്രിതല പഞ്ചായത്തുകളും കേരള സർക്കാരും ധൃതഗതിയിൽ ഈ ജലസംരക്ഷണ പദ്ധതികൾ നടപ്പാക്കണമെന്നും പരിഷത്ത് അഭ്യർത്ഥിച്ചു. പരിഷത്ത് മേഖല പ്രസിഡന്റ് സി.എം. ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി റജി കെ.എം. റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറർ ടി.പി. സന്തോഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടോമി എം.എം., മാർക്കോസ് പി.യു., മേഖല ട്രഷറർ ഒറ്റി ശ്രീനിവാസൻ, ജോയിന്റ് സെക്രട്ടറി കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *