ഇവിഎമ്മിനേയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണറേയും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നു: പി പി സുനീർ എം പി
കൽപ്പറ്റ: എസ്ഐആറിന്റെ ഭാഗമായി രാജ്യത്ത് 13 കോടി ആളുകളെയാണ് വോട്ടർ പട്ടികയിൽ നിന്ന് വെട്ടിമാറ്റിയതെന്ന് സിപിഐ സംസ്ഥാന അസി: സെക്രട്ടറി പി പി സുനീർ പറഞ്ഞു. സിപിഐ ജില്ലാ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിക്ക് എതിരെ വോട്ട് ചെയ്യുമെന്ന് മുൻകൂട്ടി അറിയാവുന്ന മഹാഭൂരിപക്ഷം ആളുകളെയeണ് ഇത്തരത്തിൽ ഒഴിവാക്കിയത്.
അതാത് സ്ഥലങ്ങളിലെ ഇലക്ഷൻ ഓഫീസർമാർ പോലും അറിയാതെ, ബന്ധപ്പെട്ട നടപടി എടുക്കേണ്ട ഉദ്യോഗസ്ഥർ പോലും അറിയാതെ വോട്ടർ പട്ടികയിൽ നേരിട്ട് ഇടപെടാൻ ചില പ്രത്യേക ഏജൻസികളെ ചുമതലപ്പെടുത്തിയെന്ന വാർത്തകളാണ് പുറത്ത് വരുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇക്കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ സിപിഐ അടക്കം രാജ്യത്തെ 27 പ്രതിപക്ഷ പാർട്ടികൾ ചേർന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും നിവേദനം നൽകിയിരുന്നു. അതിൽ ഒന്നാമത്തെ ആവശ്യം രാജ്യം പേപ്പർ ബാലറ്റിലേക്ക് തിരിച്ചു പോകണമെന്നാണ്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ആദ്യമായി പരീക്ഷിച്ച് നടപ്പിലാക്കിയത് ജപ്പാനിലാണ്. എന്നാൽ ഇന്ന് ജപ്പാനിൽ പേപ്പർ ബാലറ്റാണ് ഉപയോഗിക്കുന്നത്. ബ്രിട്ടനിലും ലോകത്തെ പല രാജ്യങ്ങളിലും പേപ്പർ ബാലറ്റ് സംവിധാനമാണ് നിലവിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് വളരെ നിഷ്പ്രയാസം തെരഞ്ഞെടുപ്പ് ജനാധിപത്യം അട്ടിമറിക്കാൻ കഴിയുമെന്ന ആശങ്കയും ആക്ഷേപവും നേരത്തെ ഉന്നയിച്ചിരുന്നത് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുകയാണെന്നും സുനീർ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഓരോ ദിവസം ചെല്ലും തോറും അസാധാരണമായ നടപടികളിലേക്ക് കടക്കുകയാണ്.
ഭരണഘടന അനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ഇല്ലാത്ത അധികാരം ഉപയോഗിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നു. ബിജെപി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെ ഉപയോഗപ്പെടുത്തി അമിത് ഷായുടെ ഓഫീസിൽ നിന്ന് നിയന്ത്രിക്കുന്ന രീതിയിലേക്ക് രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം മാറിക്കഴിഞ്ഞു. 2029 ലെ തെരഞ്ഞെടുപ്പ് ജനാധിപത്യ രീതിയിൽ ജയിക്കാൻ കഴിയില്ലെന്ന് ബിജെപിക്ക് നല്ല ബോധ്യമുണ്ട്. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് ഇത്തരത്തിൽ പ്രവർത്തിക്കുന്നത്. രാജ്യത്തെ 4-5 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സ്വാധീനം ഉപയോഗപ്പെടുത്തി അവിടെ തെരഞ്ഞെടുപ്പിൽ ഇടപെട്ട് ആ ഭൂരിപക്ഷത്തിലൂടെ രാജ്യത്തെ ഭരണം നിയന്ത്രിക്കുക എന്ന അജണ്ട വെച്ചാണ് ബിജെപി പ്രവർത്തിക്കുന്നത്. കോർപ്പറേറ്റുകളാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്നുള്ളത് പച്ചയായ യാഥാർത്ഥ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ അസ്സി. സെക്രട്ടറി സി എസ് സ്റ്റാൻലിൻ സ്വാഗതം പറഞ്ഞു. കൺട്രോൾ കമ്മിഷൻ അംഗം പി കെ മൂർത്തി അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ എക്സിക്യൂട്ടിവംഗം വിജയൻ ചെറുകര, ജില്ലാ അസി. സെക്രട്ടറിമാരായ പി എം ജോയ്, സജി വർഗീസ്, കെ കെ തോമസ്, വി യൂസഫ്, എം വി ബാബു, മഹിദ മൂർത്തി, ടി മണി എന്നിവർ സംസാരിച്ചു.





Leave a Reply