September 30, 2026

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന; നാല് സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

0
WhatsApp Image 2026-09-30 at 8.13.50 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഓപ്പറേഷൻ തെളിമയുടെ ഭാഗമായി വയനാട്ടിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ഗുരുതര വീഴ്ച‌കൾ കണ്ടെത്തിയ നാല് സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. 13 സ്ഥാപനങ്ങളിലാണ് ഭക്ഷ്യസുരക്ഷാ സ്ക്വാഡ് പരിശോധന നടത്തിയത്. കൽപ്പറ്റയിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റിലെ റസ്റ്റോറന്റ്, കെ.എഫ്.സി. ഔട്ട്ലെറ്റ്, സിനു മെസ്, ജാം ആൻഡ് സാം കഫേ എന്നിവയ്ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

നെസ്‌റ്റോയിലെ റസ്റ്റോറന്റിൽ നിന്ന് പുഴുവരിച്ച 20 കിലോ ഒലിവ് പിടിച്ചെടുത്ത് നശിപ്പിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ചിരുന്ന 57 കിലോ സാലഡും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് ഫ്രീസറിൽ സൂക്ഷിച്ചിരുന്ന 66 കിലോ ഇറച്ചിയും നശിപ്പിച്ചു.

കൽപ്പറ്റയിലെ കെ.എഫ്.സി. ഔട്ട്ലെറ്റിൽ ബർഗർ പാറ്റി ഉൾപ്പെടെയുള്ള ഉയർന്ന അപകടസാധ്യതയുള്ള ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരുന്ന ഫ്രീസറുകൾ പ്രവർത്തനരഹിതമായ നിലയിലായിരുന്നു. ഗുരുതരമായ ഭക്ഷ്യസുരക്ഷാ ചട്ടലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനത്തിന്റെ ലൈസൻസ് ഉടൻ പ്രാബല്യത്തിൽ വരുന്ന വിധം സസ്പെൻഡ് ചെയ്തു.

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ച സിനു മെസ്, ജാം ആൻഡ് സാം കഫേ എന്നിവയ്ക്കെതിരെയും നടപടി സ്വീകരിച്ചു. ഉപയോഗശൂന്യമായ 19.1 ലിറ്റർ എണ്ണ ഉൾപ്പെടെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് കൈകാര്യം ചെയ്തതും പൊതുജനങ്ങളിലേക്ക് എത്താൻ സാധ്യതയുണ്ടായിരുന്നതുമായ 120 കിലോ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു. അഞ്ച് സ്ഥാപനങ്ങൾക്കെതിരെ കോമ്പൗണ്ടിങ്ങിന് ശുപാർശയും നൽകി.

വയനാട് ഭക്ഷ്യസുരക്ഷാ അസിസ്റ്റൻ്റ് കമ്മീഷണർ ഡോ. ജോസഫ് കുര്യാക്കോസിൻ്റെ നേതൃത്വത്തിൽ ഫുഡ് സേഫ്റ്റി ഓഫീസർമാരായ ഡോ. അഞ്ജു ജോർജ്, നിഷ പി. മാത്യു, പദ്‌മനാഭൻ കെ.ബി., സുരേഷ് ബാബു പി.ആർ., ബിപിൻ വർഗീസ്, അബ്‌ദുൽ സലാം, സൽമ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. നിയമലംഘനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *