October 2, 2026

സി.പി.എം വയനാട് ജില്ലാ കമ്മറ്റിയിൽ നാല് സ്ഥിരം ക്ഷണിതാക്കൾ കൂടി; പ്രക്ഷോഭത്തിനൊരുങ്ങി പാർട്ടി

0
IMG_20261001_093704
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സി.പി.എം വയനാട് ജില്ലാ കമ്മറ്റിയിൽ നാല് സ്ഥിരം ക്ഷണിതാക്കളെ കൂടി ഉൾപ്പെടുത്തി. കർഷകസംഘം ജില്ലാ സെക്രട്ടറി സി.ജി. പ്രത്യുഷ്, മീനങ്ങാടി ഏരിയ സെക്രട്ടറി വി. സുരേഷ്, പുൽപ്പള്ളി ഏരിയ സെക്രട്ടറി ബൈജു നമ്പിക്കൊല്ലി, ആദിവാസി ക്ഷേമസമിതി ജില്ലാ പ്രസിഡന്റും കൽപ്പറ്റ നഗരസഭ ചെയർപേഴ്സണുമായ പി. വിശ്വനാഥൻ എന്നിവരെയാണ്‌ സ്ഥിരം ക്ഷണിതാക്കളായി ജില്ലാ കമ്മറ്റിയിൽ ഉൾപ്പെടുത്തിയത്‌.

 

ജില്ലയിൽ പാർട്ടിയുടെ ബഹുജനാടിത്തറ ശക്തിപ്പെടുത്തിയും ദുർബലതകൾ പരിഹരിച്ചും കൂടുതൽ കരുത്തോടെ മുന്നോട്ടുപോകുമെന്ന്‌ ജില്ലാ സെക്രട്ടറി കെ. റഫീഖ് വിപുലീകരിച്ച ജില്ലാ കമ്മറ്റി യോഗത്തിനുശേഷം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജനകീയ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ആളുകളെ കൂടുതൽ കേൾക്കുകയും വിശ്വാസം ആർജിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

വയനാട്‌‌ തുരംഗപാത നിർമാണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയി പദ്ധതി തകർക്കാനാണ്‌ സർക്കാറിന്റെ ശ്രമമെങ്കിൽ പ്രത്യക്ഷ സമരപരിപാടിയിലേക്ക്‌ നീങ്ങുമെന്ന് ജില്ലാ സെക്രട്ടറി മുന്നറിയിപ്പ് നൽകി. മണ്ണിടിച്ചിലുണ്ടായപ്പോൾ പഠനത്തിന്റെ പേര്‌ പറഞ്ഞ്‌ നിർമാണം നിർത്തിവച്ചതാണെന്നും മൂന്നു മാസമായിട്ടും റിപ്പോർട്ടുപോലും ആയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ, ഇപ്പോഴത്തെ മുഖ്യമന്ത്രി പദ്ധതിയെ എതിർത്തിരുന്നുവെന്നും അതിന്റെ ഭാഗം കൂടിയാണോ ഇപ്പോഴത്തെ വൈകിപ്പിക്കൽ എന്ന്‌‌ ന്യായമായും സംശയിക്കണമെന്നും കെ. റഫീഖ് കൂട്ടിച്ചേർത്തു.

 

പരിസ്ഥിതിലോല വിജ്ഞാപനത്തിൽ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിന്‌ സമർപ്പിച്ച റിപ്പോർട്ട്‌ പ്രസിദ്ധപ്പെടുത്തണമെന്നും വിവരങ്ങൾ ജനങ്ങളോട്‌ വ്യക്തമാക്കാൻ തയാറാകണമെന്നും ആവശ്യപ്പെട്ടു. കർഷകർ ആശങ്കയിലായിട്ടും ജില്ലയിൽനിന്നുള്ള കൃഷി മന്ത്രി പ്രതികരിക്കാൻപോലും തയ്യാറായിട്ടില്ല. ജനവാസ മേഖലകൾ ഒഴിവാക്കണമെന്നത്‌ കഴിഞ്ഞ എൽ.ഡി.എഫ്‌ സർക്കാറിന്റെയും പാർട്ടിയുടെയും പ്രഖ്യാപിത നിലപാടാണെന്നും ജനവാസ മേഖലകൾ ഒഴിവാക്കിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന്‌ നേതൃത്വം നൽകുമെന്നും വ്യക്തമാക്കി.

 

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കുള്ള ടൗൺഷിപ് നിർമാണത്തിൽ വലിയ കാലതാമസമാണുള്ളതെന്നും ദ്രുതഗതിയിൽ നിർമാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇവരുടെ ബാങ്ക്‌ വായ്‌പ തള്ളാനുള്ള പണം എൽ.ഡി.എഫ്‌‌ സർക്കാർ നൽകിയതാണെന്നും വീട്‌ നൽകേണ്ട 87 ഗുണഭോക്താക്കളെ കൂടി നിശ്ചയിച്ചിട്ടും ഇതിന്റെയൊന്നും തുടർപ്രവർത്തനം നടക്കുന്നില്ലെന്നും ആരോപിച്ചു. ടൗൺഷിപ്‌ നിർമാണം ഇനിയും വൈകിയാൽ സമരത്തിലേക്ക്‌ നീങ്ങുമെന്നും മാനന്തവാടിയിൽ വയനാട്‌ ഗവ. മെഡിക്കൽ കോളജിന്റെ തുടർപ്രവർത്തനങ്ങൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

ജില്ലയിൽ ആകെയുള്ള 66 ലോക്കലുകളിലും ബഹുജനങ്ങളെ പങ്കെടുപ്പിച്ച്‌ കുടുംബയോഗങ്ങൾ നടത്തുമെന്നും നവംബറിൽ കൽപ്പറ്റയിൽ കാൽലക്ഷംപേരെ അണിനിരത്തി റാലി നടത്തുമെന്നും കെ. റഫീഖ് അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *