October 2, 2026

‘പുനർജനി’ എൻ.എസ്.എസ് മിനി ക്യാമ്പിന് സമാപനമായി

0
WhatsApp Image 2026-10-02 at 9.07.26 PM
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ‘പുനർജനി – മിനി ക്യാമ്പ് 2026’ എന്ന പേരിൽ ഒക്ടോബർ 1, 2 തീയതികളിൽ സംഘടിപ്പിച്ച ദ്വിദിന മിനി ക്യാമ്പിന് സമാപനം. “ഞാനല്ല, നിങ്ങളാണ്” എന്ന എൻ.എസ്.എസ് ആപ്തവാക്യം ഉയർത്തിപ്പിടിച്ച് സേവന-സാമൂഹിക പ്രതിബദ്ധതയ്ക്ക് പ്രാധാന്യം നൽകിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ഒക്ടോബർ 1ന് വൈകിട്ട് 4.30ന് രജിസ്ട്രേഷനോടെയാണ് ക്യാമ്പിന് തുടക്കമായത്. വൈകിട്ട് 5ന് നടന്ന ഉദ്ഘാടന സമ്മേളനം സുൽത്താൻ ബത്തേരി നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിഫാനത്ത് വി.കെ. ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അനീഷ് എൻ.സി. അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ദിലിൻ സത്യനാഥ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സൗമ്യ പി. കുര്യൻ, അധ്യാപകർ, എൻ.എസ്.എസ് വളണ്ടിയർമാർ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.

തുടർന്ന് ‘എന്നിലെ ഗാന്ധി’ റാലി, സമത്വജ്വാല, വിവിധ ബോധവത്കരണ പരിപാടികൾ എന്നിവ സംഘടിപ്പിച്ചു. വിദ്യാർഥികളുടെ നേതൃത്വത്തിൽ വൈകുന്നേരം മുതൽ രാത്രി വരെ വിവിധ കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറി.

രണ്ടാം ദിവസം രാവിലെ വ്യായാമം, യോഗ എന്നിവയോടെയാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. തുടർന്ന് ലിംഗസമത്വ സഭയുടെ ഭാഗമായി സംവാദം സംഘടിപ്പിച്ചു. പ്രഭാതഭക്ഷണത്തിനുശേഷം ‘തപോവനം’ അഗതിമന്ദിരം സന്ദർശിച്ച എൻ.എസ്.എസ് വളണ്ടിയർമാർ അന്തേവാസികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. സ്ത്രീധനത്തിനെതിരെ ഗൃഹദർശനവും ‘സമദർശനം – സർവേ’യും നടത്തി.

കൂട്ടായ പ്രവർത്തനങ്ങളിലൂടെയും ചർച്ചകളിലൂടെയും വിദ്യാർഥികളിൽ നേതൃത്വപാടവം, സഹകരണ മനോഭാവം, സാമൂഹിക ഉത്തരവാദിത്തം എന്നിവ വളർത്തുന്നതിനും ക്യാമ്പ് വേദിയായി.

ഉച്ചഭക്ഷണത്തിനുശേഷം ക്യാമ്പ് അവലോകനം നടത്തി. രണ്ട് ദിവസത്തെ പ്രവർത്തനങ്ങളും അനുഭവങ്ങളും വിലയിരുത്തിയശേഷം വൈകിട്ട് 3.30ന് സമാപന സമ്മേളനവും പതാക താഴ്ത്തലും നടന്നു.

സേവന മനോഭാവവും സാമൂഹിക പ്രതിബദ്ധതയും വിദ്യാർഥികളിൽ വളർത്തിയെടുക്കുന്നതിനായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി സംഘടിപ്പിച്ച ‘പുനർജനി’ എൻ.എസ്.എസ് മിനി ക്യാമ്പ് ശ്രദ്ധേയമായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *