ചെന്നൈയിൽ നഷ്ടമായ ഫോൺ മലപ്പുറത്ത് കണ്ടെത്തി; ഉടമയ്ക്ക് തിരികെ നൽകി കേരള പോലീസ്
വൈത്തിരി: ചെന്നൈയിൽ നഷ്ടമായ മൊബൈൽ ഫോൺ കേരളത്തിൽ നിന്ന് കണ്ടെത്തി ഉടമയ്ക്ക് തിരികെ നൽകി വയനാട് പോലീസ്. ഫോൺ തിരികെ ലഭിച്ചതിന് ചെന്നൈ സ്വദേശി സത്യ വീഡിയോ സന്ദേശത്തിലൂടെ കേരളാ പോലീസിനും ഫോൺ കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥർക്കും നന്ദിയും പ്രശംസയും അറിയിച്ചു.
സത്യയുടെ പിതാവിന്റെ മൊബൈൽ ഫോണാണ് കഴിഞ്ഞ ജൂണിൽ ചെന്നൈയിലെ സെലയൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നഷ്ടമായത്. തുടർന്ന് സെലയൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും കേന്ദ്ര ഉപകരണ തിരിച്ചറിയൽ രജിസ്റ്റർ (സി.ഇ.ഐ.ആർ.) പോർട്ടലിൽ ഫോൺ നഷ്ടപ്പെട്ടതായി രജിസ്റ്റർ ചെയ്യുകയും ചെയ്തു.
സി.ഇ.ഐ.ആർ. പോർട്ടലിലെ ‘പങ്കുവെച്ച കണ്ടെത്തൽ വിവരങ്ങൾ’ സംവിധാനത്തിലൂടെ ഫോൺ ലൊക്കേഷൻ വൈത്തിരി പോലീസ് സ്റ്റേഷൻ പരിധിയിലാണെന്ന് കണ്ടെത്തി. തുടർന്ന് സെലയൂർ പോലീസ് സ്റ്റേഷനിൽ നിന്നുള്ള പരാതി വൈത്തിരി പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.
തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ സിവിൽ പോലീസ് ഓഫീസർ പി.പി. ആഷിഖിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഫോൺ മലപ്പുറം തിരൂരങ്ങാടിയിൽ നിന്ന് കണ്ടെത്തിയത്. ഫോൺ സുരക്ഷിതമായി വീണ്ടെടുത്ത ശേഷം, ദൂരവും പരാതിക്കാരന്റെ സാഹചര്യവും പരിഗണിച്ച് ആഷിഖ് തന്നെ കൊറിയർ മുഖേന ചെന്നൈയിലെ വിലാസത്തിലേക്ക് ഫോൺ അയച്ചുനൽകുകയായിരുന്നു.
ഫോൺ ലഭിച്ചതിന് പിന്നാലെയാണ് സത്യ കേരളാ പോലീസിന് നന്ദിയറിയിച്ച് വീഡിയോ സന്ദേശം പങ്കുവെച്ചത്. തന്റെ പിതാവിന്റെ ആദ്യത്തെ സ്മാർട്ട്‌ഫോൺ തിരികെ ലഭിച്ചതിൽ താനും കുടുംബവും ഏറെ സന്തോഷത്തിലാണെന്ന് സത്യ പറഞ്ഞു. കേരളാ പോലീസിനും പി.പി. ആഷിഖിനും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച സത്യ ‘ബിഗ് സല്യൂട്ട്’ നൽകിയാണ് വീഡിയോ സന്ദേശം അവസാനിപ്പിച്ചത്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ സൈബർ സെല്ലിന്റെ സഹായത്തോടെ ഏകദേശം 25 മൊബൈൽ ഫോണുകൾ ആഷിഖ് കണ്ടെത്തി ഉടമകൾക്ക് തിരികെ നൽകിയിട്ടുണ്ട്. ഫോൺ നഷ്ടപ്പെട്ടതിനെ തുടർന്ന് ഉടമകൾ സി.ഇ.ഐ.ആർ. പോർട്ടലിൽ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ നിരന്തരം നിരീക്ഷണം നടത്തിയാണ് ഈ ഫോണുകൾ ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നത്. തുടർന്ന് ഇവരിൽ നിന്ന് മൊബൈൽ ഫോണുകൾ വീണ്ടെടുത്ത് ഉടമകൾക്ക് കൈമാറുകയായിരുന്നു.
വയനാട്ടിൽ വിനോദയാത്രയ്ക്കിടെ നഷ്ടമായ മൊബൈൽ ഫോൺ കണ്ടെത്തി നൽകിയതിന് മുൻപ് കൊൽക്കത്ത സ്വദേശിയും പി.പി. ആഷിഖിന് നന്ദിയും പ്രശംസയും അറിയിച്ചിരുന്നു.




Leave a Reply