October 5, 2026

ടൗൺഷിപ്പ്: രണ്ടാംഘട്ട വീടുകളുടെ നിർമ്മാണം ഒക്ടോബർ 31 നകം പൂർത്തിയാക്കും; മന്ത്രി ടി സിദ്ദീഖ് വീടുകളുടെ നറുക്കെടുപ്പ് ഒന്നിനകം

0
IMG-20261005-WA0197
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ടൗൺഷിപ്പിൽ നിർമ്മിക്കുന്ന രണ്ടാംഘട്ട വീടുകളുടെ  നിർമ്മാണം ഒക്ടോബർ 31 നകം പൂർത്തിയാക്കി നറുക്കെടുപ്പ് നവംബർ ഒന്നിനകം നടത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ്. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ചൂരൽമല മുണ്ടക്കൈ ദുരന്ത നിവാരണ പ്രവത്തനങ്ങളുടെ  അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 149 വീടുകളുടെ നിർമ്മാണം പ്ലാസ്റ്ററിംഗ്, പെയിന്റിംഗ് ഉൾപ്പെടെയുള്ള അന്തിമ ഘട്ടത്തിലാണ്. ടൗൺഷിപ്പിൽ നിർമ്മിക്കുന്ന അങ്കണവാടി, മാർക്കറ്റ്, പബ്ലിക് ടോയ്‌ലറ്റ്, കളിസ്ഥലം, ഹെൽത്ത് സെന്റർ തുടങ്ങിയ പൊതു സൗകര്യങ്ങളുടെ നിർമ്മാണം നവംബറോടെ പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു.

ദുരന്ത ബാധിതർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി 15 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന സ്കിൽ പാർക്കിന്റെ ടെൻഡർ നടപടികൾ സമയബന്ധിതമായി നടപ്പാക്കാൻ മന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു. റോഡുകളുടെ നിർമ്മാണം ഡിസംബറോടെ പൂർത്തിയാകും. ടൗൺഷിപ്പിൽ പരേഡ് ഗ്രൗണ്ട്, കൽപ്പറ്റ ജി.എൽ.പി.എസ് സ്കൂൾ എന്നിവ ടൗൺഷിപ്പിൽ നിർമ്മിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായും മന്ത്രി അറിയിച്ചു. അന്തിമ ഗുണഭോക്തൃ പട്ടിക പൂർത്തിയാക്കുന്നതിനായി ഒക്ടോബര്‍ എട്ട്, ഒമ്പത് തിയതികളിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  ഉദ്യോഗസ്ഥർ ജില്ലയിലെത്തി പ്രാദേശിക ജനപ്രതിനിധികള്‍, ദുരന്തബാധിതർ എന്നിവരുമായി ചർച്ച നടത്തും. മുണ്ടക്കൈ, വെള്ളാർമല സ്‌കൂളുകളുടെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കാൻ അവലോകന യോഗം തീരുമാനിച്ചു.

 

ആനക്കാംപൊയിൽ -കള്ളാടി ട്വിൻ ടണൽ നിർമ്മാണ മേഖലയിലെ മണ്ണ് സുരക്ഷിതമായി മാറ്റാൻ നിർമ്മാണ കമ്പനി പ്രതിനിധികളോട് മന്ത്രി ആവശ്യപ്പെട്ടു. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തികൾ ആരംഭിക്കാൻ അധികൃതർക്ക് മന്ത്രി കർശന നിർദ്ദേശം നൽകി. കള്ളാടിയിൽ  ദുരന്തബാധിതരായ കുടുംബങ്ങൾക്ക് സൗജന്യ റേഷൻ ലഭ്യമാക്കുന്നതിൽ പരാതികൾ ഉണ്ടാകരുതെന്ന് മന്ത്രി നിർദ്ദേശിച്ചു.

ജില്ലയിലെ ഷെൽട്ടർ ഹോമുകൾ, അഗ്നിരക്ഷാ നിലയങ്ങൾ എന്നിവയുടെ നിർമ്മാണ പ്രവൃത്തികൾ യോഗം വിലയിരുത്തി.

കലക്ടറേറ്റ് മിനി കോൺഫറൻസ് ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ വി ചെൽസാസിനി, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ  പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *