കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന റവന്യൂ പഠന ക്യാമ്പ് ‘ആരവം’ ഒക്ടോബർ 10, 11 തീയതികളിൽ
പുത്തൂർവയൽ: കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന്റെ (കെആർഡിഎസ്എ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “ആരവം” സംസ്ഥാന റവന്യൂ പഠന ക്യാമ്പ് 2026 ഒക്ടോബർ 10, 11 തീയതികളിൽ പുത്തൂർവയൽ എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ കേന്ദ്രത്തിൽ വച്ച് നടക്കും. പഠന ക്യാമ്പിന്റെ ഉദ്ഘാടനം മുൻ റവന്യൂ മന്ത്രി കെ രാജൻ നിർവ്വഹിക്കും. “റവന്യൂ വകുപ്പ് പുനഃ സംഘടനയും ജനകീയ റവന്യൂ സർവ്വീസും” എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ റവന്യു വകുപ്പ് മന്ത്രി എ പി അനിൽകുമാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കും. “സംഘടന സംഘാടനം” എന്ന വിഷയത്തിൽ ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി എസ് സജീവും, “റവന്യൂ വകുപ്പും കെആർഡിഎസ്എയും ചരിത്ര വഴികളിലൂടെ” എന്ന വിഷയത്തിൽ എഐ എസ്ജിഇസി ജനറൽ സെക്രട്ടറി സി ആർ ജോസ്പ്രകാശും, സംഘടനാ പഠന കളരിക്ക് യുവകലാ സാഹിതി കണ്ണൂർ ജില്ലാ സെക്രട്ടറി ജിതേഷ് കണ്ണപുരവും നേതൃത്വം നൽകും. “നാളെയുടെ റവന്യൂ വകുപ്പ്, കാഴ്ചപ്പാടുകൾ, പ്രതീക്ഷകൾ” എന്ന വിഷയത്തിൽ നടക്കുന്ന ഓപ്പൺ ഹൗസ് കോൺക്ലേവ് ജോയിന്റ് കൗൺസിൽ മുൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം ബി അശോക് നയിക്കും. ഉണർവ് വയനാട് നയിക്കുന്ന നാടൻ പാട്ട്, ഒക്ടോബർ 11 രാവിലെ “അതിജീവിതർക്കൊപ്പം അഭിമാനത്തോടെ” എന്ന പേരിൽ കൽപ്പറ്റ ചൂരൽമല പുനരധിവാസ ടൗൺഷിപ്പിലേക്ക് പഠന ക്യാമ്പ് പ്രതിനിധികളുടെ പ്രഭാത നടത്തം, കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ വെബ് സൈറ്റ് ഉദ്ഘാടനം എന്നിവയും ഇതോടൊപ്പം സംഘടിപ്പിക്കും. ജോയിന്റ് കൗൺസിലിന്റെയും കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന്റെയും സംസ്ഥാന ഭാരവാഹികൾ, മുൻ ഭാരവാഹികൾ, പതിനാല് ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ മുന്നൂറോളം പേർ പഠന ക്യാമ്പിൽ പങ്കെടുക്കും. പഠന ക്യാമ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗത സംഘം ചെയർമാൻ ഇ ജെ ബാബു, ജനറൽ കൺവീനർ പ്രിൻസ് തോമസ്, കേരള റവന്യൂ ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എസ് കെ എം ബഷീർ, ജനറൽ സെക്രട്ടറി ഹരിദാസ് ഇറവങ്കര, കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പ്രതീഷ് ബാബു എ, ജില്ലാ സെക്രട്ടറി ലിതിൻ ജോസഫ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.




Leave a Reply