October 10, 2026

വയനാട് മെഡിക്കൽ കോളേജ്: പ്രാദേശിക വാദം പറഞ്ഞ് വികസനം തടസ്സപ്പെടുത്തരുത്; മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി

0
306a5698-4969-4ac1-adf0-ff1690b19ceb
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കോടതി വിധിയുടെ ഭാഗമായി വയനാട്ടിലെ ആസ്പിരേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച മെഡിക്കൽ കോളേജിന്റെ വികസനം തടസ്സപ്പെടുത്തരുതെന്ന് മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി (HRCPC) വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ആറ് വർഷമായി മാനന്തവാടിയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജിൽ അത്യാധുനിക ചികിത്സാ സൗകര്യങ്ങളും വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസവുമാണ് ഒരുക്കേണ്ടത്. ഇതിന് പകരം പ്രാദേശിക വാദത്തിന്റെ പേരിൽ പരസ്പരം ഭിന്നിച്ച് വികസനത്തിന് തടസ്സം നിൽക്കരുതെന്ന് സമിതി ഭാരവാഹികൾ പറഞ്ഞു.

ഭരണം മാറുമ്പോൾ രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടി സർക്കാർ തീരുമാനങ്ങളിൽ മാറ്റം വരുത്തുന്നത് വികസന തുടർച്ചയെ ബാധിക്കുകയും നാടിനെ മുരടിപ്പിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇതിന്റെ ദുരന്തഫലം അനുഭവിക്കുന്നത് നിർധനരായ പിന്നോക്ക വിഭാഗത്തിലെ രോഗികളാണ്. വയനാട്ടിൽ മികച്ച ചികിത്സ ലഭിക്കാത്തതിനാൽ ഇന്നും ആളുകൾ ചുരമിറങ്ങേണ്ട അവസ്ഥയിലാണ്.

നിരവധി ആളുകൾക്ക് മികച്ച ചികിത്സ വൈകിയതിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുന്ന രാഷ്ട്രീയ നേതൃത്വം ഭൂമാഫിയയുടെ താൽപര്യങ്ങൾക്ക് വേണ്ടിയാണ് കടിപിടി കൂടുന്നതെന്നും സമിതി കുറ്റപ്പെടുത്തി.

മാനന്തവാടിയിൽ ഇപ്പോൾ പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജിന്റെ സമീപത്തുള്ള മറ്റ് സർക്കാർ സ്ഥാപനങ്ങൾ മാനന്തവാടി മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റി സ്ഥാപിക്കാൻ സാധിക്കും. ഇങ്ങനെ ഒഴിവുവരുന്ന സ്ഥലം ഉപയോഗിച്ച് മെഡിക്കൽ കോളേജിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം. വയനാട്ടുകാരുടെ ജീവൻ സംരക്ഷിക്കുന്നതിനും നിലവിൽ പഠനം ആരംഭിച്ച മെഡിക്കൽ വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിനും അധികൃതർ അടിയന്തരമായി സൗകര്യമൊരുക്കണമെന്നും എച്ച്.ആർ.സി.പി.സി വാർത്താ സമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു.വാർത്താസമ്മേളനത്തിൽ എച്ച്ആർസി പി സി സംസ്ഥാന പ്രസിഡൻ്റ് പി.ജെ. ജോൺ മാസ്റ്റർ, സംസ്ഥാന ജോ. സെക്രട്ടറി എൻ കെ .കുര്യൻ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായഗോവിന്ദ് രാജ് , ജില്ലാ പ്രസിഡൻ്റ് രാജേഷ് . ടി.കെ ,ജില്ലാ വനിത സെക്രട്ടറി ഗ്രേസി ജെയിംസ് എന്നിവർ പങ്കെടുത്തു

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *