വയനാടിന്റെ വികസന വിഷയങ്ങൾ കർണാടക മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് മന്ത്രി ടി. സിദ്ദീഖ്
ബംഗളൂരു: കേരളത്തിന്റെയും വയനാടിന്റെയും വികസനവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ചർച്ച ചെയ്ത് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദീഖ്. ബംഗളൂരുവിലെ കർണാടക മുഖ്യമന്ത്രിയുടെ വസതിയിലെത്തിയാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.
മൈസൂരു – നഞ്ചൻകോട് – നിലമ്പൂർ റെയിൽപാത പ്രാവർത്തികമാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയിൽ പ്രധാന വിഷയമായി. രാത്രിയാത്ര നിരോധനത്തിലെ നിയന്ത്രണങ്ങളിൽ അയവ് വരുത്തണമെന്നും, നിരോധന സമയത്ത് കൂടുതൽ ബസുകൾ കടത്തിവിടണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മെഡിക്കൽ സർവീസുകളും ആംബുലൻസ് സർവീസുകളും തടയുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
കേരളത്തെയും കർണാടകത്തെയും ബന്ധിപ്പിച്ച് ഇരട്ട തുരങ്കപാതയോ ആകാശപാതയോ നിർമ്മിക്കുന്ന കാര്യം അടിയന്തരമായി പരിഗണിക്കണം. ബൈരക്കുപ്പ പാലം നിർമാണത്തിലെ മുഴുവൻ തടസ്സങ്ങളും നീക്കി പ്രവൃത്തി ആരംഭിക്കാൻ സൗകര്യമൊരുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കേരള സർക്കാരും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറും സ്വീകരിക്കുന്ന അനുകൂല നിലപാട് അദ്ദേഹം കർണാടക മുഖ്യമന്ത്രിയെ ധരിപ്പിക്കുകയും ആവശ്യങ്ങൾ അടങ്ങിയ നിവേദനം സമർപ്പിക്കുകയും ചെയ്തു.
കൂടിക്കാഴ്ച ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ പുതിയ വികസന പദ്ധതികളിലൂടെ സാധിക്കുമെന്നും ടി. സിദ്ദീഖ് പറഞ്ഞു. കർണാടക ബയോ എനർജി ബോർഡ് ചെയർമാൻ എസ്.എസ്.ഇ. സുധീന്ദ്രയും ചർച്ചയിൽ പങ്കെടുത്തു.




Leave a Reply