പനമരം നഴ്സിംഗ് സ്കൂളിലെ ലീഗ് പ്രതിഷേധം അംഗീകരിക്കാനാവില്ല: പി.ടി.എ ആക്ഷൻ കമ്മിറ്റി
പനമരം: ഗവ. നഴ്സിംഗ് സ്കൂളിൽ മുസ്ലിം ലീഗ് പ്രവർത്തകർ നടത്തിയ പ്രതിഷേധം അംഗീകരിക്കാനാവില്ലെന്ന് നഴ്സിംഗ് സ്കൂൾ പി.ടി.എ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്കൂൾ കോമ്പൗണ്ടിൽ പ്രവേശിച്ച പ്രവർത്തകർ പ്രിൻസിപ്പലിന്റെ മുറിയിൽ അനുവാദമില്ലാതെ കയറി പ്രിൻസിപ്പലിനെ ഉപരോധിക്കുകയും ബഹളംവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതായി ഭാരവാഹികൾ ആരോപിച്ചു.
90 ശതമാനത്തോളം പെൺകുട്ടികൾ പഠിക്കുന്നതും വനിതാ ഹോസ്റ്റൽ പ്രവർത്തിക്കുന്നതുമായ സ്ഥാപനത്തിൽ നടന്ന സംഭവം ഗൗരവകരമാണ്. പോലീസുകാരും ആളും ബഹളവുമായി ഒരു ഭീകരാന്തരീക്ഷമായിരുന്നു ഇവിടെ. ഈ സംഭവം സ്റ്റാഫിൻ്റെയും കുട്ടികളുടെയും മാനസികാവസ്ഥയെ ബാധിച്ചിട്ടുണ്ട്. അതിനാൽ സ്ഥാപനത്തിൽ ഉണ്ടായ മുസ്ലിംലീഗിന്റെ പരാക്രമം പ്രതിഷേധാർഹമാണെന്നും അവർ പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച നഴ്സിംഗ് സ്കൂളിലെ പാചകക്കാരി കുഴഞ്ഞുവീണതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളിൽ പ്രിൻസിപ്പലും പാചകക്കാരിയും ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ തുടർ നടപടിക്ക് കാത്തിരിക്കുന്നതിനിടെയാണ് ഒരുകൂട്ടം മുസ്ലിംലീഗിന്റെ പ്രവർത്തകരെത്തി അതിക്രമം കാണിച്ചത്.
പരാതികളിൽ വകുപ്പ് തലത്തിലും നിയമപരമായും നടപടികൾ പുരോഗമിക്കുന്നതിനിടെ രാഷ്ട്രീയ ലാഭത്തിനായി ഒരു രാഷ്ട്രീയ പാർട്ടി സ്ഥാപനത്തെ കരുവാക്കിയത് അംഗീകരിക്കാനാവില്ല. നാളെ മറ്റു രാഷ്ട്രീയ പാർട്ടികളും ഇതുപോലെ രംഗത്തിറങ്ങിയാൽ സ്ഥിതി ഏറെ വർഷളാവും. ഇതോടെ സ്ഥാപനം നല്ല രീതിയിൽ മുന്നോട്ടേക്ക് പോവുകയുമില്ലെന്നും അവർ ആരോപിച്ചു.
ജീവനക്കാരുടെയും കെട്ടിടസൗകര്യങ്ങളുടെയും കുറവ് ഉൾപ്പെടെ നിരവധി പരിമിതികൾ നേരിടുന്ന സ്ഥാപനമാണ് നഴ്സിംഗ് സ്കൂൾ. 2003-ൽ നഷ്ടപ്പെട്ട ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ അംഗീകാരം പി.ടി.എ ഭാരവാഹികളുടെയും ജീവനക്കാരുടെയും ഒന്നര വർഷത്തെ പരിശ്രമത്തിനൊടുവിലാണ് പുനഃസ്ഥാപിച്ചത്. പരിമിതമായ സൗകര്യങ്ങൾക്കിടയിലും അധ്യാപകർ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും വിദ്യാർഥികൾ പ്രശ്നങ്ങളില്ലാതെ പഠനം പൂർത്തിയാക്കുന്ന സാഹചര്യമാണ് നിലവിലുണ്ടായിരുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
സ്ഥാപനത്തിലെത്തി പ്രശ്നങ്ങളുണ്ടാക്കിയവർക്കെതിരെ ശക്തമായ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നും പി.ടി.എ ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ പി.ടി.എ ആക്ഷൻ കമ്മിറ്റി പ്രസിഡന്റ് വി.എസ്. ജോസഫ്, വൈസ് പ്രസിഡന്റ് ഒ.ജെ. അപ്പച്ചൻ, സെക്രട്ടറി കെ.പി. ജോസഫ് എന്നിവർ പങ്കെടുത്തു.




Leave a Reply