യുപിഐ ഇടപാടുകൾക്ക് അധിക ചാർജ്: കൽപ്പറ്റയിൽ വ്യാപാരികളുടെ പന്തംകൊളുത്തി പ്രതിഷേധം
കൽപ്പറ്റ: യുപിഐ ഇടപാടുകൾക്ക് 0.4 ശതമാനം അധിക ചാർജ് ഈടാക്കാനുള്ള നീക്കത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൽപ്പറ്റ യൂണിറ്റിന്റെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി.
വ്യാപാരമേഖല കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ വ്യാപാരികളുടെമേൽ അധിക സാമ്പത്തികഭാരം അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. കടബാധ്യതയും വർധിച്ച പ്രവർത്തനച്ചെലവുകളും മൂലം ബുദ്ധിമുട്ടുന്ന ചെറുകിട വ്യാപാരികളെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന നടപടിയിൽനിന്ന് കേന്ദ്രസർക്കാർ അടിയന്തരമായി പിൻവാങ്ങണമെന്ന് അവർ ആവശ്യപ്പെട്ടു.
ഒക്ടോബർ 15ന് സംസ്ഥാന കമ്മിറ്റി നടത്തുന്ന ലോക്ഭവൻ മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു പ്രതിഷേധം. നഗരത്തിലൂടെ നീങ്ങിയ പ്രകടനം പോസ്റ്റ് ഓഫീസിന് മുന്നിൽ സമാപിച്ചു. യൂണിറ്റ് പ്രസിഡന്റ് ഇ. ഹൈദ്രു ഉൾപ്പെടെയുള്ള നേതാക്കൾ പ്രതിഷേധത്തിന് നേതൃത്വം നൽകി.




Leave a Reply