October 15, 2026

“വയൽവരമ്പിലെ വെയിൽ മാഞ്ഞു; ഓർമ്മകളുടെ വിളവെടുപ്പിലേക്ക് ഒരു മടക്കം”

0
IMG-20261014-WA0200(1)
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കാർഷിക സംസ്കാരത്തിന്റെ വേരുകൾ അറുത്തുമാറ്റപ്പെടുന്ന ആധുനിക കാലത്ത്, വയനാടൻ കുന്നുകളിൽ അപൂർവ്വ നെൽവിത്തുകൾക്ക് കാവലിരുന്ന ‘വിത്താശാൻ’ പത്മശ്രീ ചെറുവയൽ രാമൻ (75) മണ്ണിലേക്ക് മടങ്ങി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വയനാടിന്റെയും കേരളത്തിന്റെയും ജൈവവൈവിധ്യ സംരക്ഷണ ചരിത്രത്തിൽ ഒരിക്കലും നികത്താനാവാത്ത വൻ ശൂന്യത സൃഷ്ടിച്ചാണ് കുറിച്യ സമുദായക്കാരനായ ഈ അമൂല്യ കർഷകപ്രതിഭ യാത്രയാകുന്നത്.

* കണ്ണൂർ ഡി.എം.ഒ ഓഫീസിലെ ജോലി വേണ്ടെന്നുവെച്ച പ്രകൃതിസ്നേഹി

1952 ജൂൺ 6-നാണ് തലക്കര ചെറിയ രാമൻ എന്ന ചെറുവയൽ രാമന്റെ ജനനം. കമ്മന നവോദയ എൽ.പി സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പത്താം വയസ്സിൽ തന്നെ അദ്ദേഹം കൃഷിഭൂമിയിലേക്ക് ഇറങ്ങി. 1969-ൽ കണ്ണൂർ ഡി.എം.ഒ ഓഫീസിൽ ലഭിച്ച സർക്കാർ ജോലി പോലുമ ഉപേക്ഷിച്ചാണ് അദ്ദേഹം പ്രകൃതിയോടും മണ്ണിനോടുമുള്ള തന്റെ അഗാധമായ ബന്ധം നിലനിർത്തിയത്. തനിക്ക് അമ്മാവൻ കൈമാറിയ 40 ഏക്കർ ഭൂമിയിൽ രാസവളങ്ങളോ യന്ത്രങ്ങളോ ഇല്ലാതെ പൂർണ്ണമായും ജൈവരീതിയിലായിരുന്നു അദ്ദേഹത്തിന്റെ കൃഷി. 1978-ൽ രാസവള കൃഷി മണ്ണിന്റെ സ്വാഭാവിക ശേഷിയെയും ജീവജാലങ്ങളെയും നശിപ്പിക്കുന്നുവെന്ന തിരിച്ചറിവിൽ നിന്നാണ് അദ്ദേഹം പൂർണ്ണമായും ജൈവരീതിയിലേക്ക് മാറിയത്.

 

* തദ്ദേശീയ നെൽവിത്തുകളുടെ ‘ജീവിക്കുന്ന ജീൻ ബാങ്ക്’

വംശനാശഭീഷണി നേരിട്ട 45-ലേറെ (വിവിധ ഘട്ടങ്ങളിൽ 50-ൽ അധികം) പാരമ്പര്യ തദ്ദേശീയ നെൽവിത്തിനങ്ങളെ സ്വന്തം വയലിൽ കൃഷി ചെയ്ത് വീണ്ടെടുത്തതിലൂടെയാണ് ചെറുവയൽ രാമൻ ദേശീയ-അന്തർദേശീയ ശ്രദ്ധ നേടിയത്.

 

* പരമ്പരാഗത വിത്തുസൂക്ഷിപ്പ്:

വിളവെടുത്ത നെല്ല് ഒരാഴ്ച വെയിലും മഞ്ഞും കൊള്ളിച്ച ശേഷം ചൂടാക്കിയ മുളങ്കൂട്ടയിലും വൈക്കോൽ കൊണ്ടുണ്ടാക്കിയ വിത്തുകൂടയിലും സൂക്ഷിക്കുന്ന പാരമ്പര്യ രീതിയാണ് അദ്ദേഹം പിന്തുടർന്നത്. ഈ അപൂർവ്വ വിദ്യയിലൂടെ വിത്തുകളുടെ മുളയ്ക്കൽ ശേഷി രണ്ട് വർഷം വരെ നഷ്ടപ്പെടാതെ സൂക്ഷിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

വിത്ത് തേടിയെത്തുന്ന കർഷകർക്ക് പണത്തിന് പകരമായി, അടുത്ത വിളവെടുപ്പുകാലത്ത് കൊണ്ടുപോയ വിത്തിന്റെ ഇരട്ടി തിരികെ നൽകണമെന്ന ഉദാരവും പ്രകൃതിസ്നേഹപരവുമായ നിബന്ധനയോടെ മാത്രമാണ് അദ്ദേഹം വിത്ത് കൈമാറിയിരുന്നത്.

* അന്താരാഷ്ട്ര വേദികളിൽ കേരളത്തിന്റെ പ്രതിനിധി

* കേരളത്തിന്റെ വന അതിർത്തികൾ കടന്ന് രാജ്യാന്തര തലത്തിലും ചെറുവയൽ രാമന്റെ പൈതൃക സംരക്ഷണം വാഴ്ത്തപ്പെട്ടു:

ഹൈദരാബാദ് അന്താരാഷ്ട്ര ജൈവവൈവിധ്യ ഉച്ചകോടി (2011): 11 രാജ്യങ്ങൾ പങ്കെടുത്ത ഐക്യരാഷ്ട്രസഭയുടെ ജൈവവൈവിധ്യ സംരക്ഷണ സമ്മേളനത്തിൽ കേരളത്തിലെ കർഷക സമൂഹത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തത് അദ്ദേഹമായിരുന്നു.

വിദേശ രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരും കൃഷി വിദഗ്ധരും ഗവേഷകരും ചെറുവയൽ രാമന്റെ കമ്മനയിലെ നാടൻ വിത്തുപുരയും അപൂർവ്വ സാങ്കേതികവിദ്യകളും കണ്ടു പഠിക്കാൻ വയനാട്ടിലേക്ക് ഒഴുകിയെത്തി.

 

* അർഹതയ്ക്കുള്ള അംഗീകാരങ്ങൾ

മണ്ണിനും കാർഷിക പൈതൃകത്തിനും നൽകിയ സമഗ്ര സംഭാവനകളെ മാനിച്ച് നിരവധിയേറെ പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി:

-പത്മശ്രീ (2023): രാജ്യത്തിന്റെ നാലാമത് ഏറ്റവും വലിയ സിവിലിയൻ ബഹുമതി നൽകി ഭാരതം അദ്ദേഹത്തെ ആദരിച്ചു.

-ദേശീയ പ്ലാന്റ് ജീനോം സാവിയർ അവാർഡ് (2016): സസ്യ ജൈവവൈവിധ്യ സംരക്ഷണത്തിന് കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ഉന്നത ബഹുമതി.

-പി.കെ. കലാൻ പുരസ്കാരം: കേരള സർക്കാരിന്റെ ഫോക്​ലോർ/പാരമ്പര്യ സംരക്ഷണ അംഗീകാരം.

-ഭക്ഷ്യ ഭദ്രത അവാർഡ് (2023): സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം.

പൈതൃകം മരിക്കുന്നില്ല

നെൽവിത്തുകൾക്ക് പുറമെ പാരമ്പര്യ പച്ചക്കറികൾ, അപൂർവ്വ ഔഷധസസ്യങ്ങൾ, നാടൻ മരങ്ങൾ എന്നിവയും തോട്ടത്തിൽ സംരക്ഷിച്ച പോന്ന രാമേട്ടൻ, ഒരു നാടിന്റെ കാർഷിക വിജ്ഞാനകോശമായിരുന്നു. ആധുനികതയുടെ കടന്നുകയറ്റത്തിൽ പാരമ്പര്യത്തിന്റെ വിത്തുപെട്ടി അടച്ചുപൂട്ടി ചെറുവയൽ രാമൻ മടങ്ങുമ്പോഴും, അദ്ദേഹം വരുംതലമുറയ്ക്കായി കാത്തുവെച്ച അപൂർവ്വ വിത്തുകളിലൂടെയും പ്രകൃതിസ്നേഹത്തിലൂടെയും വരുംകാല കർഷകരുടെ മനസ്സിൽ അമരനായി ജീവിക്കും.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *