ചെറുവയല് രാമന്റെ വിയോഗം കേരളത്തിന്റെ കാര്ഷിക മേഖലയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി വി.ഡി സതീശന്
തിരുവനന്തപുരം: വയനാടിന്റെ മണ്ണില് തലമുറകളുടെ ഓര്മ്മകള്ക്ക് കാവല് നിന്ന കര്ഷകനും പാരമ്പര്യ നെല് വിത്തിനങ്ങളുടെ സംരക്ഷകനുമായിരുന്ന ചെറുവയല് രാമന്റെ വിയോഗം കേരളത്തിന്റെ കാര്ഷിക മേഖലയ്ക്കും പൈതൃക സംരക്ഷണത്തിനും തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശന് അനുശോചിച്ചു. അന്യംനിന്നു പോയേക്കാമായിരുന്ന പാരമ്പര്യ വിത്തുകളെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കി വരുംതലമുറയ്ക്കായി കരുതിവച്ച അദ്ദേഹം കാര്ഷിക പൈതൃകത്തിന്റെ കാവല്ക്കാരനായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൃഷി വെറുമൊരു ഉപജീവനമാര്ഗമല്ലെന്നും മണ്ണിനോടും പ്രകൃതിയോടുമുള്ള ഉത്തരവാദിത്തമാണെന്നും സ്വന്തം ജീവിതത്തിലൂടെ ലോകത്തോട് വിളിച്ചുപറഞ്ഞ വ്യക്തിയാണ് അദ്ദേഹമെന്നും, യു.ഡി.എഫ് സര്ക്കാര് അധികാരമേറ്റ ശേഷം ചിങ്ങം ഒന്നിന് പ്രഖ്യാപിച്ച പ്രഥമ ഉമ്മന്ചാണ്ടി സ്മാരക കാര്ഷിക പുരസ്കാരം അദ്ദേഹത്തിന് സമ്മാനിക്കാന് കഴിഞ്ഞത് വലിയ സന്തോഷവും അഭിമാനവുമായിരുന്നുവെന്നും അനുശോചന സന്ദേശത്തില് വ്യക്തമാക്കി. അദ്ദേഹം കാത്തുസൂക്ഷിച്ച ഓരോ വിത്തിലും വരുംതലമുറയ്ക്കുള്ള പ്രതീക്ഷയുണ്ടെന്നും ആ പ്രതീക്ഷ മണ്ണില് നിലനിര്ത്തുക എന്നതാണ് അദ്ദേഹത്തോടുള്ള ഏറ്റവും വലിയ ആദരവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്ത്തു.




Leave a Reply