പരിയാരം ഗവൺമെന്റ് ഹൈസ്‌കൂൾ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം
പരിയാരം: നൂറാം വാർഷികത്തിന്റെ നിറവിൽ പരിയാരം ഗവൺമെന്റ് ഹൈസ്‌കൂളിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി. പരിപാടികളുടെ ഉദ്ഘാടനം കേരള സംസ്ഥാന കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് നിർവഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സ്‌കൂളിന്റെ നൂറുവർഷത്തെ വിദ്യാഭ്യാസ പാരമ്പര്യം അനുസ്മരിച്ച മന്ത്രി, സ്‌കൂളിന് കളിസ്ഥലം ഒരുക്കുന്നതിനാവശ്യമായ ഫണ്ട് അനുവദിക്കുമെന്ന് ഉറപ്പുനൽകി. കൂടാതെ സ്കൂളിന്റെ ഭൗതികവും അക്കാദമികവുമായ വളർച്ച ലക്ഷ്യമിട്ടുള്ള സ്വപ്‌നപദ്ധതിയും ചടങ്ങിൽ പ്രഖ്യാപിച്ചു.
ചടങ്ങിൽ പ്രധാനാധ്യാപകൻ സുമിത് ശ്രീധർ റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി.എ. പ്രസിഡന്റ് ലത്തീഫ് കെ.എം. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിനീത ജോസഫ് നന്ദിയും പറഞ്ഞു. മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് സി.പി., ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ നസീമ ടീച്ചർ, മറ്റ് ജനപ്രതിനിധികൾ, പി.ടി.എ. ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെയും ശതാബ്ദി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംഭാവനകൾ നൽകിയവരെയും ചടങ്ങിൽ ആദരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ, മെന്റലിസ്റ്റ് സിനാന്റെ പ്രകടനം, സ്റ്റാർ വോയ്സ് വയനാടിന്റെ ഗാനവിരുന്ന് എന്നിവയും അരങ്ങേറി.
ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി കലാകായിക മത്സരങ്ങൾ, പൂർവവിദ്യാർത്ഥി-പൂർവാധ്യാപക സംഗമങ്ങൾ, ആരോഗ്യ പരിശോധനാ ക്യാമ്പുകൾ, കരിയർ ഗൈഡൻസ്, സാഹിത്യോത്സവ്, ഗോത്ര ഫെസ്റ്റ്, ശാസ്ത്രസാങ്കേതിക സെമിനാറുകൾ, ലഹരിവിരുദ്ധ ബോധവൽക്കരണം തുടങ്ങി നൂറോളം പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.




Leave a Reply