October 27, 2026

NH 766-ലെ രാത്രിയാത്രാ നിരോധനം പിന്‍വലിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണം: ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ

0
IMG-20261027-WA0198(1)
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: കോഴിക്കോടിനെയും കർണാടകയിലെ കൊല്ലേഗലിനെയും ബന്ധിപ്പിക്കുന്ന ദേശീയപാത 766-ലെ ബന്ദിപ്പൂർ വനമേഖലയിലൂടെയുള്ള രാത്രിയാത്രാ നിരോധനം പിൻവലിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ വേണമെന്ന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ നിയമസഭയിൽ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. 2009 മുതൽ നിലവിലുള്ള ഈ നിരോധനം വയനാട്ടിലെ ജനങ്ങളുടെ യാത്രാസൗകര്യത്തെയും ഉപജീവനമാർഗങ്ങളെയും വ്യാപാര-വാണിജ്യ മേഖലകളെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. രാത്രി 9 മണി മുതൽ രാവിലെ 6 മണി വരെ ബന്ദിപ്പൂർ വനമേഖലയിലെ 19.7 കിലോമീറ്റർ ദൂരത്തിലാണ് ഗതാഗതനിയന്ത്രണം ഉള്ളത്.

 

ഗുണ്ടൽപേട്ട്, മൈസൂരു, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദിനംപ്രതി യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ, കർഷകർ, വ്യാപാരികൾ, ഉദ്യോഗസ്ഥർ എന്നിവർക്കും കേരളത്തിലേക്കുള്ള പച്ചക്കറി ഉൾപ്പെടെയുള്ള ചരക്കുഗതാഗതത്തിനും ഈ പാത നിർണായകമാണ്. 2018-ലെ പ്രളയകാലത്ത് വയനാട് ഒറ്റപ്പെട്ടപ്പോഴും, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിനുശേഷം ബെയ്‌ലി പാലം നിർമാണത്തിനുള്ള സാമഗ്രികൾ എത്തിച്ചപ്പോഴും ഈ പാതയുടെ പ്രാധാന്യം തെളിഞ്ഞതാണെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി.

 

2019 സെപ്റ്റംബർ 25 മുതൽ എൻ.എച്ച്. 766 പ്രൊട്ടക്ഷൻ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല നിരാഹാരസമരവും ഹർത്താലും ലോങ് മാർച്ചുകളും ഉൾപ്പെടെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ നടന്നിരുന്നു. വിഷയം വർഷങ്ങളായി സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ ശാശ്വത പരിഹാരത്തിന് ഇരു സംസ്ഥാനങ്ങളുടെയും ഏകോപിതമായ ഇടപെടൽ അനിവാര്യമാണ്. കേരളത്തിലെയും കർണാടകത്തിലെയും മുഖ്യമന്ത്രിമാർ, ജനപ്രതിനിധികൾ, വനം-ഗതാഗത-പൊതുമരാമത്ത് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി ഉന്നതതല യോഗം വിളിക്കണമെന്നും, സുപ്രീംകോടതിയിൽ സംയുക്ത സത്യവാങ്മൂലം സമർപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

മധ്യപ്രദേശിലെ പെഞ്ച് ദേശീയോദ്യാനത്തിലൂടെ കടന്നുപോകുന്ന എൻ.എച്ച്. 44-ന്റെ മാതൃകയിൽ പരിസ്ഥിതിക്ക് ദോഷമില്ലാത്ത രീതിയിൽ എലവേറ്റഡ് ഹൈവേ, അണ്ടർപാസ് സംവിധാനങ്ങൾ നിർമിക്കുന്നതിന് വിശദമായ ഡി.പി.ആർ. തയ്യാറാക്കണമെന്നും, വന്യജീവി സംരക്ഷണത്തോടൊപ്പം ഭരണഘടന ഉറപ്പുനൽകുന്ന സഞ്ചാരസ്വാതന്ത്ര്യവും ഉറപ്പാക്കണമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.

 

വിഷയത്തിൽ കർണാടക സർക്കാരുമായി പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞതായി മുഖ്യമന്ത്രി മറുപടി നൽകി. പ്രിയങ്ക ഗാന്ധി എം.പിയുടെ സാന്നിധ്യത്തിൽ ബാംഗ്ലൂരിൽ വച്ച് കൂടുതൽ ചർച്ചകൾ നടത്തി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ നടപടികൾ സ്വീകരിക്കുമെന്നും, കഴിഞ്ഞ 10 വർഷമായി ഒന്നും ചെയ്യാത്തവർ ഇപ്പോൾ നടത്തുന്ന സമരങ്ങൾ പ്രഹസനമാണെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *