November 16, 2026

ചാല സ്വർണക്കവർച്ചാ കേസ്: തമിഴ്‌നാടും ബെംഗളൂരുവും കടന്ന് വയനാട്ടിലെത്തിയ പ്രതികളെ സാഹസികമായി പിടികൂടി പൊലീസ്

0
IMG_20261115_085116
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: തിരുവനന്തപുരം ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിൽ നിന്ന് സ്വർണം കവർന്ന കേസിൽ അഞ്ചുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ചാലയിൽ സ്വർണ വ്യാപാരം നടത്തുന്ന അമുൽ, ദിലീപ്, ക്വട്ടേഷൻ ഏറ്റെടുത്ത അനൂപ് രാജ്, കവർച്ച നേരിട്ട് നടത്തിയ ഷാഡോ അനിൽ എന്ന അനിൽ പ്രസാദ്, വിനോദ് ആന്റണി എന്നിവരാണ് പിടിയിലായത്. പ്രതികളുടെ വാഹനത്തിൽ നിന്ന് 400 ഗ്രാമിലധികം വരുന്ന ഒരു ബാർ സ്വർണം കണ്ടെടുത്തു. പൊലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട ചാല സ്വദേശി ശ്രാവണിനായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.ബിസിനസ് തർക്കമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. നന്ദകുമാറിനെതിരെ അമുലും ദിലീപും നൽകിയ ക്വട്ടേഷൻ നിരവധി കേസുകളിൽ പ്രതിയായ അനൂപ് രാജ് ഏറ്റെടുക്കുകയായിരുന്നു. ബൈക്കിലെത്തിയ അനിൽ പ്രസാദും വിനോദ് ആന്റണിയും ചേർന്ന് നന്ദകുമാറിൽ നിന്ന് സ്വർണം കവർന്ന ശേഷം ഫ്ലൈ ഓവർ കടന്ന് ഹൈവേക്ക് സമീപം കാറുമായി കാത്തുനിന്ന അനൂപ് രാജിനൊപ്പം രക്ഷപ്പെട്ടു. നന്ദകുമാറിനെക്കുറിച്ചുള്ള വിവരങ്ങൾ സംഘത്തിന് കൈമാറിയ ശ്രാവണും പിന്നീട് ഇവർക്കൊപ്പം ചേർന്നു.തമിഴ്നാട്ടിലേക്കും തുടർന്ന് പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കി ബംഗളൂരുവിലേക്കും കടന്ന സംഘം പിന്നീട് വയനാട്ടിലെത്തുകയായിരുന്നു. അവിടെ പരിചയക്കാരനും റിസോർട്ട് ജീവനക്കാരനുമായ രാജീവിനെ വിളിച്ച് വിനോദയാത്രയ്ക്ക് എത്തിയതാണെന്ന് പറഞ്ഞ് താമസസൗകര്യം ഒരുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, ശനിയാഴ്ച വൈകിട്ട് 5.45-ന് പടിഞ്ഞാറത്തറയിൽ വെച്ച് വാഹനം വളഞ്ഞ പൊലീസ് സംഘത്തെ പിടികൂടുകയായിരുന്നു. ഈ സമയം ശ്രാവൺ വാഹനത്തിൽ നിന്ന് ഇറങ്ങിയോടി. രാജീവിനെ ചോദ്യം ചെയ്ത ശേഷം തിരുവനന്തപുരത്ത് ഹാജരാകാൻ നിർദേശിച്ച് നോട്ടീസ് നൽകി വിട്ടയച്ചു.പ്രതികളുമായി പൊലീസ് സംഘം തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്. വയനാട് പടിഞ്ഞാറത്തറയിൽ നിന്നാണ് പ്രതികളെയും വാഹനവും കസ്റ്റഡിയിലെടുത്തതെന്നും വാഹനം വിശദമായി പരിശോധിച്ചു വരികയാണെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ അരുൾ ബി. കൃഷ്ണ വ്യക്തമാക്കി. പ്രതികൾക്ക് സ്വർണം പൊട്ടിക്കൽ സംഘവുമായി ബന്ധമുണ്ടോയെന്ന് വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ പറയാനാകൂ എന്നും അദ്ദേഹം അറിയിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *