May 13, 2026

ദുരന്തബാധിത മേഖലകളിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും മാനസിക പിന്തുണ നൽകുന്നതിനുള്ള ഏകദിന പരിശീലനം;മന്ത്രി വി ശിവൻകുട്ടി  ഉദ്ഘാടനം ചെയ്യും

0
20240829 174139
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ : വയനാട്ടിലെ ദുരന്തബാധിത മേഖലകളിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും മാനസിക പിന്തുണ നൽകുന്നതിനുള്ള ഏകദിന പരിശീലനം നാളെ (ഓഗസ്റ്റ് 30)ന് മേപ്പാടിയിൽ നടക്കും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്യും.

 

കേരളത്തിന്റെ സമീപകാല ചരിത്രത്തിൽ രേഖപ്പെടുത്താത്ത രീതിയിലാണ് വയനാട് മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമറ്റം, മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായത്. രണ്ട് സ്‌കൂളുകൾ പൂർണമായും തകർന്ന് വിദ്യാലയ സ്വപ്നങ്ങളും തുടർപഠനവും ഒരു നിമിഷം കൊണ്ട് അറ്റുപോയ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ചേർത്തു നിർത്തുകയാണ് പൊതു വിദ്യാഭ്യാസ വകുപ്പ്. ദുരന്ത ശേഷം പഠനം അനിശ്ചിതത്വത്തിലായ വിദ്യാർഥികൾക്ക് പുതിയ പഠന സാഹചര്യങ്ങൾ വിദ്യാഭ്യാസ വകുപ്പ് സമീപപ്രദേശത്തെ മേപ്പാടി ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിൽ ഏർപ്പെടുത്തി. സെപ്റ്റംബർ രണ്ടാം തീയതി ഈ വിദ്യാലയത്തിലേക്ക് ജി.വി.എച്ച്.എസ്.എസ് വെള്ളാർമല, ജി.എൽ.പി.എസ് മുണ്ടക്കൈ എന്നീ സ്‌കൂളുകളിലെ വിദ്യാർഥികളുടെ പുനഃപ്രവേശനോത്സവം നടക്കുകയാണ്.

നഷ്ടപ്പെട്ട പഠന ദിനങ്ങൾ തിരിച്ചു പിടിക്കുന്നതിനും അക്കാദമിക പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പാക്കുന്നതിനും പ്രവേശനോത്സവത്തിലേക്ക് കടന്നുവരുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും മാനസിക പിന്തുണ നൽകേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സമഗ്ര ശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ ഡയറ്റ്, എസ്.സി.ഇ.ആർ.ടി, ആരോഗ്യമേഖല, ഡബ്ല്യൂ.സി.ഡി എന്നിവയുടെ സഹകരണത്തോടെയാണ് അധ്യാപകർക്കും രക്ഷിതാക്കൾക്കും മാനസിക പിന്തുണ നൽകുന്ന ഏകദിന പരിശീലനം മേപ്പാടിയിൽ സംഘടിപ്പിക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *