April 16, 2026

ടൂറിസ്റ്റുകളുടെ എണ്ണം കുറക്കാന്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശന ഫീസ് ഇരട്ടിയാക്കുന്നു

0
Img 20241011 141425
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കാനായി പ്രവേശന ഫീസ് ഗണ്യമായി വര്‍ധിപ്പിക്കാമെന്ന് വനം വകുപ്പ് നിര്‍ദ്ദേശം. ഹൈക്കോടതിയില്‍ നല്‍കിയ അഫിഡവിറ്റിലാണ് സഞ്ചാരികളുടെ എണ്ണത്തില്‍ കുറവ് വരുത്തുന്നതിന് പുറമെ ഫീസ് വര്‍ധിപ്പിച്ചും അധിക സഞ്ചാരികളെ തടയാമെന്ന നിര്‍ദ്ദേശം വനം വകുപ്പ് മുന്നോട്ട് വെച്ചത്. ഇതു പ്രകാരം ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുമ്പോള്‍ പ്രവേശന ഫീസ് ഇരട്ടിയോളം വര്‍ധിപ്പിക്കാനാണ് നീക്കം. കാട്ടാനയുടെ ആക്രമണവുമായി ബന്ധപ്പെട്ട് നിരന്തരമുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിനെ തുടര്‍ന്നാണ് ഫെബ്രുവരിയില്‍ ഇക്കോ കേന്ദ്രങ്ങള്‍ അടച്ചത്. ഇവ വീണ്ടും തുറക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി ജൂണ്‍ മാസത്തിലാണ് സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വനം വകുപ്പിനോട് ആവശ്യപ്പെട്ടത്. ഇതു പ്രകാരം പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേട്ടര്‍ ഓഫ് ഫോറസ്റ്റ് നല്‍കിയ അഫഡിവിറ്റില്‍ ജില്ലയിലെ മൂന്ന് ഫോറസ്റ്റ് ഡിവിഷനുകളിലും പ്രവര്‍ത്തിക്കുന്ന ടൂറിസം കേന്ദ്രങ്ങളുടെ വിശദവിവരവും സഞ്ചാരികളെ കുറക്കാനുള്ള മാര്‍ഗ്ഗവുമാണ് നിര്‍ദേശിച്ചത്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫോറസ്റ്റ് ജെനിറ്റിക്‌സ് ആന്‍ഡ് ട്രീ ബീഡിംഗ്‌സ് നടത്തുകയും ഡിപ്പാര്‍ട്ട്‌മെന്റ് അംഗീകരിക്കുയും ചെയ്ത പഠനത്തിന്റെ അടിസ്ഥാനത്തില്‍ നിജപ്പെടുത്തിയ സഞ്ചാരികളുടെ എണ്ണത്തില്‍ നിന്നും 10 ശതമാനം മുതല്‍ 20 ശതമാനം വരെ കുറവ് വരുത്താമെന്നും പ്രവേശന ഫീസില്‍ 50 ശതമാനവും അതില്‍ കൂടുതലും വര്‍ധനവ് വരുത്തി സഞ്ചാരികളെ നിയന്ത്രിക്കാമെന്നുമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇത് അംഗീകരിച്ച കോടതി സഞ്ചാരികളുടെ എണ്ണത്തില്‍ 50 ശതമാനം കുറവ് വരുത്തുകയും വനസംരക്ഷണ സമിതിയുടെ നടത്തിപ്പന് ആവശ്യമായ ഫീസ് ഈടാക്കാനുള്ള അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതുപ്രകാരം കുറുവാ ദ്വീപിലേക്കുള്ള പ്രവേശനം 1150 ല്‍ നിന്നും 15 ശതമാനം കുറവ് വരുത്തി 978 ആക്കി ചുരുക്കാനും ഫീസ് 110 രൂപയില്‍ നിന്നും 200 രൂപയായി ഉയര്‍ത്താമെന്നുമാണ് വനം വകുപ്പ് നിര്‍ദ്ദേശിച്ചത്. സൂചിപ്പാറയിലേക്കുള്ള പ്രവേശനത്തിന് 65 രൂപയില്‍ നിന്നും 100 രൂപയിലേക്കും വര്‍ധിപ്പിക്കാമെന്ന് വനം വകുപ്പ് നിര്‍ദേശിച്ചു. ഇത്തരത്തില്‍ ഫീസ് വര്‍ധിപ്പിച്ചതോടെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെക്കുള്ള സഞ്ചാരികളുടെ വരവ് കുറയാനും ടൂറിസം മേഖലയെ ഉപജീവനമാക്കിയവര്‍ക്ക് തിരിച്ചടിയാവാനുമിടയുണ്ടെന്നതാണ് കരുതപ്പെടുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *