June 24, 2026

വയനാട്ടിൽ പുതിയ റോട്ടറി ക്ലബ് ‘റോട്ടറി സിവിൽ സ്റ്റേഷൻ വയനാട്’ രൂപീകരിച്ചു; ഔദ്യോഗിക പ്രഖ്യാപനം നടത്തി

0
IMG_20260624_135900
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് ജില്ലയിൽ പുതിയ റോട്ടറി ക്ലബ്ബായ ‘റോട്ടറി സിവിൽ സ്റ്റേഷൻ വയനാട്’ രൂപീകരിച്ചു. റോട്ടറി കബനി വാലി മാനന്തവാടിയുടെ നേതൃത്വത്തിലാണ് പുതിയ ക്ലബ്ബിന്റെ രൂപീകരണവും തുടർന്നുള്ള പ്രവർത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നത്. റോട്ടറി ഡിസ്ട്രിക്ട് 3204-ന് കീഴിൽ വരുന്ന ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നിലവിലെ ഡിസ്ട്രിക്ട് ഗവർണർ റൊട്ടേറിയൻ എം.ഡി. ബിജോഷ് മാനുവലിന്റെ നേതൃത്വത്തിൽ കൂടുതൽ ശക്തിപ്പെടുത്തും. ഇന്നത്തെ സേവനങ്ങളിലൂടെ നാളെയുടെ മികച്ച സമൂഹത്തെ വാർത്തെടുക്കുക എന്നതാണ് ക്ലബ്ബിന്റെ ആപ്തവാക്യം. സമൂഹത്തിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അഡ്വക്കേറ്റുമാർ, എഞ്ചിനീയർമാർ, ഡോക്ടർമാർ, ബിസിനസുകാർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി വിവിധ തൊഴിൽ മേഖലകളിൽ നിന്നുള്ള 17 ചാർട്ടർ അംഗങ്ങളാണ് ക്ലബ്ബിലുള്ളത്. ക്ലബ്ബിന്റെ ചാർട്ടർ പ്രസിഡന്റായി ജോജിമോൻ എം.എ (ഹാബിക്കോ ആർക്കിടെക്ചർ), സെക്രട്ടറിയായി ജെസ്സി എൻ. (ഇൻഷുറൻസ് അഡ്വൈസർ), ട്രഷററായി ബാബു സെബാസ്റ്റ്യൻ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), പ്രോഗ്രാം കോർഡിനേറ്ററായി ഡോ. നൗഷാദ് പള്ളിയാൽ എന്നിവർ ചുമതലയേറ്റു.

 

ലോകത്തിലെ ഏറ്റവും വലിയ സേവന സംഘടനകളിലൊന്നായ റോട്ടറിയുടെ ഭാഗമായി വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി സംരക്ഷണം, യുവജന ശാക്തീകരണം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ക്ലബ്ബ് മുൻഗണന നൽകും. ഇതിന്റെ ആരംഭഘട്ടമെന്ന നിലയിൽ കേരള സർക്കാരിന്റെ പ്രധാന പരിസ്ഥിതി സംരക്ഷണ പദ്ധതികളുമായി സഹകരിച്ച് ശുചിത്വ, ഹരിതവൽക്കരണ പ്രവർത്തനങ്ങളിൽ ക്ലബ്ബ് സജീവ പങ്കാളികളാകും. കൂടാതെ, ഇന്നത്തെ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളിയായ കുട്ടികളിലെ അമിത മൊബൈൽ ഫോൺ ഉപയോഗത്തിനെതിരെ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി പ്രത്യേക ബോധവത്കരണ ക്യാമ്പുകളും സംഘടിപ്പിക്കും. ആരോഗ്യരംഗത്തിന് പിന്തുണ നൽകുന്നതിനായി ഐ കെയർ, ഡെന്റൽ കെയർ, ജനറൽ ഹെൽത്ത് ചെക്കപ്പ്, ജീവിതശൈലി രോഗ നിർണയം തുടങ്ങിയ മേഖലകളിൽ പന്ത്രണ്ടോളം മെഡിക്കൽ ക്യാമ്പുകൾ സമീപഭാവിയിൽ സംഘടിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ട്. ആരോഗ്യ വകുപ്പിനും മറ്റ് സർക്കാർ സംവിധാനങ്ങൾക്കും സഹകരണം നൽകി ജനങ്ങളിലേക്ക് കൂടുതൽ സേവനങ്ങൾ എത്തിക്കാനും, സേവനത്തിന്റെയും സൗഹൃദത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് വയനാടിന്റെ സാമൂഹിക പുരോഗതിക്കായി മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാനും ക്ലബ്ബ് പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *