സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നതിനെതിരെ അനിശ്ചിതകാല പണിമുടക്കിന് എൻ.ജി.ഒ സംഘ് ആഹ്വാനം
പുൽപ്പള്ളി: സംസ്ഥാന സർക്കാർ ജീവനക്കാരുടെ അർഹമായ ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന ഇടതു സർക്കാരിനെതിരെ അനിശ്ചിതകാല പണിമുടക്ക് അനിവാര്യമാണെന്ന് കേരള എൻ.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി വി.കെ.സാജൻ വ്യക്തമാക്കി. എൻ.ജി.ഒ സംഘ് വയനാട് ജില്ലാ സമ്മേളനം പുൽപ്പള്ളിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ സാഹചര്യത്തിൽ 2002-ൽ ജീവനക്കാർ നേരിട്ട അവഗണനയേക്കാൾ രൂക്ഷമായ അവസ്ഥയാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അഞ്ചു വർഷത്തിലൊരിക്കൽ നടക്കേണ്ട ശമ്പള പരിഷ്കരണം അട്ടിമറിക്കപ്പെട്ടു. 2024 ജൂലൈയിൽ നടക്കേണ്ട ശമ്പള പരിഷ്കരണത്തിനായി സർക്കാർ ഇതുവരെ ഒരു കമ്മീഷനെ പോലും നിയമിച്ചിട്ടില്ല. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന വാഗ്ദാനം പാലിക്കാതെ സർക്കാർ ഒളിച്ചോടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഓൺലൈൻ ട്രാൻസ്ഫർ സംവിധാനം പോലും തകരാറിലായി. മെഡിസെപ്പ് പദ്ധതി ജീവനക്കാരുടെ പണം തട്ടിയെടുക്കാനുള്ള തട്ടിപ്പ് പദ്ധതിയായി മാറി. ക്ഷാമബത്തയും ലീവ് സറണ്ടറും വർഷങ്ങളായി മുടങ്ങിക്കിടക്കുന്നു. എന്നാൽ, ഭരണാനുകൂല സംഘടനകൾ സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ നടപ്പാക്കുന്ന അടിമകളായി മാറുകയാണ്. അവകാശങ്ങൾക്കായി പോരാടുന്ന ജീവനക്കാരെ ഒറ്റപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും സ്ഥലം മാറ്റുകയും ചെയ്ത് ഇടതു സർവീസ് സംഘടനകൾ സർക്കാരിന്റെ ചട്ടുകുകളായി പ്രവർത്തിക്കുന്നു.
സെക്രട്ടറിയേറ്റിന് മുന്നിൽ ആശാ വർക്കർമാർ നടത്തുന്ന സമരം അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ പോലും കഴിയാത്ത സമൂഹത്തിന്റെ ദുരവസ്ഥയുടെ പ്രതിഫലനമാണ്. ആശാ വർക്കർമാരുടെ പോരാട്ടത്തിന് എൻ.ജി.ഒ സംഘ് പൂർണ പിന്തുണ നൽകുന്നു. മയക്കുമരുന്ന് മാഫിയയുടെയും തീവ്രവാദ ശക്തികളുടെയും വിളനിലമായി സമൂഹം മാറിയ സാഹചര്യത്തിൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും സമ്മേളനം വിലയിരുത്തി.
ജില്ലാ പ്രസിഡന്റ് വി.കെ. ഭാസ്കരൻ, രാഷ്ട്രീയ സ്വയം സേവക് സംഘം വയനാട് സഹ സംഘചാലക് ജഗന്നാഥകുമാർ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. വി.പി. ബ്രിജേഷ് ജില്ലാ പ്രസിഡന്റായും എം.ആർ. സുധി ജില്ലാ സെക്രട്ടറിയായും വി. ശിവകുമാർ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.
സാംസ്കാരിക സമ്മേളനം പി. സുരേഷ് ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സ്വയം സേവക് സംഘം കോഴിക്കോട് വിഭാഗ് വിദ്യാർത്ഥി പ്രമുഖ് ധനീഷ് മുഖ്യ പ്രഭാഷണം നടത്തി.





Leave a Reply