ദുരന്ത ബാധിതര്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്തത് സര്‍ക്കാര്‍ ഉത്തരവ് മൂലം: സംഷാദ് മരക്കാര്‍
കല്‍പ്പറ്റ: മുണ്ടക്കൈ ദുരന്തബാധിരായ പലരും ലിസ്റ്റില്‍ ഉള്‍പ്പെടാത്തത് സര്‍ക്കാര്‍ ഉത്തരവ് മൂലമാണെന്ന് സംഷാദ് മരക്കാര്‍.ലിസ്റ്റില്‍ ഉള്‍പ്പെടാത്തതിന്റെ കാരണം ലിസ്റ്റ് സര്‍ക്കാര്‍ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്നതിനാല്‍ ആണെന്ന വസ്തുത നിലനില്‍ക്കെ റവന്യൂ വകുപ്പ് മന്ത്രിയും, സി.പി.ഐ ജില്ലാ സെക്രട്ടറിയും നേതാക്കന്മാരും ദുരന്തബാധിതരെ തെറ്റിദ്ധരിപ്പിക്കുകയും ജില്ലാ ദുരന്ത നിവാരണ അതോററ്റിയെയും മീറ്റിംഗില്‍ പങ്കെടുക്കുന്ന ജനപ്രതിനിധികളെയും പൊതുമധ്യത്തില്‍ അവഹേളിക്കാനുമാണ് താല്‍പ്പര്യം കാണിക്കുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ കുറ്റപ്പെടുത്തി.റാട്ടപ്പാടിയിലെയും മറ്റ് ലയങ്ങളിലെയും ദുരന്തബാധിതരും ലിസ്റ്റില്‍ നിന്ന് എങ്ങിനെ പുറത്തുപോയി എന്നും സി.പി.ഐ നേതൃത്വം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പടവെട്ടിക്കുന്ന് മേഖലയിലെ ജനങ്ങളെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം എന്ന് പറയുന്ന സി.പി.ഐ നേതൃത്വം എന്തുകൊണ്ടാണ് നിലവിലെ ലിസ്റ്റില്‍ ആ പ്രദേശത്തെ ആളുകള്‍ ഉള്‍പ്പെടാത്തതെന്ന് പറയാനുള്ള ആര്‍ജവം കൂടി കാണിക്കണം. നോ ഗോ സോണില്‍ നിന്നും 50 മീറ്റര്‍ ദൂരപരിധിയില്‍ ഉള്ളവരെ മാത്രം 2. ബി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന സര്‍ക്കാര്‍ ഉത്തരവാണ് ഈ പ്രദേശങ്ങളിലെ ജനങ്ങളെ ലിസ്റ്റില്‍ ഉള്‍പെടുത്താന്‍ കഴിയാത്തതിന് കാരണം.
2.ബി ലിസ്റ്റില്‍ 50 മീറ്റര്‍ പരിധിയിലെ വീടുകള്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്ന സര്‍ക്കാര്‍ ഉത്തരവാണ് റാട്ടപ്പാടിയിലെ ആളുകള്‍ക്ക് തിരിച്ചടിയായത്. സര്‍ക്കാര്‍ ഉത്തരവില്‍ മാറ്റം വരുത്തി അവരെയും കൂടി ഉള്‍പെടുത്താനാണ് സര്‍ക്കാര്‍ തയ്യാറാവേണ്ടത്. അതിന് പകരം തങ്ങളുടെ തെറ്റ് മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമങ്ങളാണ് വകുപ്പ് മന്ത്രിയും സി.പി.ഐയും ശ്രമിക്കുന്നത്. നിലവില്‍ സര്‍ക്കാരിറക്കിയ ഉത്തരവ് ജില്ലാ ദൂരന്ത നിവാരണ അതോറിറ്റിക്ക് തിരുത്താന്‍ കഴിയുമോ എന്നതും സി.പി.ഐ ജില്ലാ സെക്രട്ടറി പൊതുസമൂഹത്തോട് പറയണം. പടവെട്ടിക്കുന്നിലെ മാറിത്താമസിക്കാന്‍ താല്പര്യം ഉള്ള മുഴുവന്‍ കുടുംബങ്ങളെയും ലിസ്റ്റിന് ഉള്‍പ്പെടുത്തണമെന്ന് ഡി.ഡി.എം.എ യോഗത്തില്‍ ആവശ്യപ്പെട്ടതാണ്. ഈ വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത് സര്‍ക്കാര്‍ തലത്തില്‍ ആണെന്നാണ് ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചത്. ഇതിനായി സര്‍ക്കാരിലേക്ക് തങ്ങളുടെ ആക്ഷേപങ്ങള്‍ ചൂണ്ടിക്കാട്ടി അയക്കുകയും ചെയ്തിട്ടും ഇതുവരെ സ്പഷ്ടീകരണം ലഭിച്ചിട്ടില്ല. സി.പി.ഐ ജില്ലാ സെക്രട്ടറി പറഞ്ഞ ഷൈജ ബേബി ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയതിന്റെ കാരണം ദുരന്ത സമയത്ത് പ്രസ്തുത മേഖലയില്‍ താമസമുണ്ടായിരുന്നവരെ മാത്രമേ പരിഗണിക്കാവൂ എന്ന സര്‍ക്കാര്‍ ഉത്തരവാണ്. ഇതുകൊണ്ടാണ് അര്‍ഹര്‍ പുറത്താകാതിരിക്കാന്‍ ഉത്തരവുകള്‍ മാറ്റണമെന്ന് ഡി.ഡി.എം.എ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ ആവശ്യപ്പെട്ടത്. ഈ കാര്യത്തില്‍ സി.പി.ഐക്കും ഇതേ നിലപാടാണെങ്കില്‍ റവന്യൂ വകുപ്പ് മന്ത്രിയെ കണ്ട് ഉത്തരവുകള്‍ക്ക് പകരം ദുരന്തം മാത്രം മാനദണ്ഡമാക്കണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്യേണ്ടതെന്നും സംഷാദ് മരക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.





Leave a Reply