October 8, 2026

ചന്ദന കൃഷി തട്ടിപ്പ്;ന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം:ഉന്നതതല അന്വേഷണത്തിന് സാധ്യത

0
Hjh
By ന്യൂസ് വയനാട് ബ്യൂറോ

വയനാട്ടിലെ ചന്ദന കൃഷിയെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശം.സ്‌പെഷ്യല്‍ ബ്രാഞ്ചും ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.15 ലക്ഷം മുടക്കിയാല്‍ 15 വര്‍ഷം കൊണ്ട് കോടികള്‍ സമ്പാദിക്കാമെന്ന് വാഗ്ദാനം. എറണാകുളം ആസ്ഥാനമായ കമ്പനി നിരവധി നിക്ഷേപകരെ ആകര്‍ഷിച്ച് ചന്ദന കൃഷി നടത്തുന്ന സംഭവത്തിലാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്നലെ ഈ വാര്‍ത്ത ന്യൂസ് വയനാട് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

വയനാട്ടിലെ വിവിധ ഭാഗങ്ങളില്‍ തുച്ഛമായ വിലക്ക് ഹെക്ടര്‍ കണക്കിന് തോട്ടങ്ങള്‍ വാങ്ങിക്കൂട്ടി അഞ്ചു സന്റെ് പ്ലോട്ടുകളാക്കി ചന്ദന കൃഷിയും പരിപാലനവും വാഗ്ദാനം ചെയ്ത് 10 ഇരട്ടിയോളം അധികവില ഈടാക്കി നിക്ഷേപകര്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. 15 വര്‍ഷം കൊണ്ട് ചന്ദനമരങ്ങള്‍ മുറിച്ചു വിറ്റ് കോടികള്‍ ലാഭമുണ്ടാക്കെന്നാണ് കമ്പനിയുടെ വാഗ്ദാനം. എന്നാല്‍, ചന്ദനമരം പാകമാകാന്‍ 30 മുതല്‍ 40 വര്‍ഷം വരെ ആവശ്യമാണെന്ന് വനം വകുപ്പ് തന്നെ വ്യക്തമാക്കുമ്പോള്‍ 15 വര്‍ഷം കൊണ്ട് മരം മുറിച്ച് എങ്ങനെ കോടികള്‍ കൊയ്യാമെന്ന കാര്യത്തില്‍ മറുപടിയില്ല. കേരളത്തില്‍ മറയൂരിലാണ് ഇത്തരത്തില്‍ ചന്ദന കൃഷി നടത്തുന്നത്. പ്രത്യേക കാലാവസ്ഥയും കൃഷി രീതികളും ചന്ദന കൃഷിക്ക് ആവശ്യമാണെന്നിരിക്കെ വയനാട്ടില്‍ ഇത് എത്ര മാത്രം വിജയിക്കുമെന്ന കാര്യത്തിലും ഒരുറപ്പുമില്ല. മറയൂരില്‍ ഉള്‍പ്പടെ ചന്ദമരം പാകമാകാന്‍ 30 മുതല്‍ 40 വര്‍ഷം വരെ ആവശ്യമാണെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ അജിത് കെ. രാമന്‍ മാധ്യമത്തോട് പറഞ്ഞു. വനം വകുപ്പ് പരിശോധന നടത്തി പാകമായ മരങ്ങളാണെന്ന് ഉറപ്പാക്കിയ ശേഷം മാത്രമാണ് മുറിക്കുക. മുറിച്ച മരങ്ങള്‍ മറയൂരിലേക്ക് കൊണ്ടുപോയി ഉണക്കിയ ശേഷം ലേലത്തില്‍ വെക്കും. ലേലത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തില്‍ 10 ശതമാനം കഴിച്ചാണ് ഭൂ ഉടമക്ക് കൈമാറുകയെന്നും അദ്ദേഹം പറഞ്ഞു.
സെന്റെിന് 30000 രൂപക്ക് വാങ്ങുന്ന തോട്ടം 3 ലക്ഷം രൂപക്കാണ് ചന്ദനകൃഷിയുടെ മറവില്‍ മറിച്ചു വില്‍കുന്നതെന്ന് സി.പി.ഐ നേതാവ് ബിജു പറഞ്ഞു. വയനാട്ടില്‍ ചന്ദനം കൃത്യമായി വളരുമെന്നോ 15 വര്‍ഷം കഴിയുമ്പോള്‍ എത്രമാത്രം മാര്‍ക്കറ്റ് വില ലഭിക്കുമെന്നോ ഒരുറപ്പുമില്ലാതെയാണ് നിക്ഷേപകരില്‍ നിന്ന് 10 ഇരട്ടിയോളം അധിക വില ഈടാക്കി ഭൂമി കൈമാറുന്നതെന്നും അദ്ദേഹം പറയുന്നു.
സംസ്ഥാനത്ത് കോടികളുടെ മറ്റൊരു തട്ടിപ്പിലേക്കാണ് ചന്ദന കൃഷി കളമൊരുക്കുന്നതെന്നാണ് ആരോപണമുയരുന്നത്. അഞ്ച് സെന്റെ് പ്ലോട്ടിന് 15 ലക്ഷം മുടക്കിയാല്‍ ചന്ദനം കൃഷിയിലൂടെ 15 വര്‍ഷം കൊണ്ട് കോടികള്‍ സമ്പാദിക്കാമെന്ന വാഗ്ദാനം നല്‍കിയാണ് നിരവധി നിക്ഷേപകരില്‍ നിന്ന് കോടിക്കണക്കിന് രൂപ പിരിച്ചെടുക്കുന്നത്. വിദേശ മലയാളികളടക്കം നിരവധി പേര്‍ ഇത്തരത്തില്‍ ലക്ഷങ്ങള്‍ നല്‍കി ചന്ദനം കൃഷി ചെയ്യാനുള്ള തോട്ടം 10 ഇരട്ടിയോളം അധിക തുക നല്‍കി കൈവശമാക്കിയിട്ടുണ്ട്. ഒരു പ്ലോട്ടില്‍ 20 ചന്ദനത്തൈകള്‍ കമ്പനി നട്ട് പരിപാലിച്ച് 15 വര്‍ഷം കൊണ്ട് മുറിക്കാന്‍ പാകമാക്കുമെന്നാണ് വാഗ്ദാനം. ചന്ദനത്തോട്ടത്തിനിടയില്‍ വിവിധ തരം ക്വാര്‍ട്ടേജ് നിര്‍മിച്ചു നല്‍കുന്ന പദ്ധതിയും ഉണ്ട്. 40 ലക്ഷം മുതല്‍ 50 ലക്ഷം വരെയാണ് ഇതിന് ഈടാക്കുന്നത്. ചന്ദന മരങ്ങള്‍ മുറിക്കാനും വില്‍പന നടത്താനുമുള്ള അവകാശം വനം വകുപ്പിന് മാത്രമാണെന്ന് പോലും അറിയാതെയാണ് പലരും ലക്ഷങ്ങള്‍ മുടക്കി ഭൂമി സ്വന്തമാക്കിയത്. നിക്ഷേപകരെ മുഴുവന്‍ ആകര്‍ഷിച്ച ശേഷം കമ്പനി നിര്‍ജീവമായാല്‍ എന്തു ചെയ്യുമെന്ന കാര്യത്തിലും നിക്ഷേപകര്‍ക്ക് വ്യക്തതയില്ല. 30 വര്‍ഷം മുമ്പ് ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പിന് ആയിരക്കണക്കിന് മലയാളികളാണ് ഇരയായത്. നിക്ഷേപകരില്‍നിന്ന് പണംസ്വീകരിച്ച് ആടുവളര്‍ത്തല്‍, മാഞ്ചിയം-തേക്ക് കൃഷികളില്‍ നിക്ഷേപിക്കല്‍ എന്നപേരിലായിരുന്നു തട്ടിപ്പ്. 1000 രൂപ നിക്ഷേപിച്ചാല്‍ അഞ്ചുവര്‍ഷംകൊണ്ട് അഞ്ചിരട്ടി ലഭിക്കുമെന്ന വാഗ്ദാനം വിശ്വസിച്ച് ആയിരങ്ങളാണ് തട്ടിപ്പിനിരയായത്. ഇതിന് ശേഷവും കോടികളുടെ നിരവധി തട്ടിപ്പുകള്‍ക്കാണ് മലയാളികള്‍ ഇരയായത്. ടോട്ടല്‍ ഫോര്‍ യു,സോളര്‍ തട്ടിപ്പ്, പുരാവസ്തു തട്ടിപ്പ്, ഏറ്റവും അവസാനമായി പാതിവില തട്ടിപ്പിനും ആയിരക്കണക്കിന് മലയാളികളാണ് ഇരകളായായി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *