April 18, 2026

മനുഷ്യാവകാശ കമ്മീഷന്‍  ഇടപെട്ടു : ഇന്‍ഷുറന്‍സില്ലാത്ത  ഓട്ടോ ലേലം ചെയ്‌തെന്ന് പരാതി പോലീസുദ്യോഗസ്ഥരുടെ വീഴ്ച

0
Img 20250320 175150
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി പോലീസ് 2017 ഡിസംബര്‍ 17ന് കസ്റ്റഡിയിലെടുത്ത നാരായണന്‍ എന്നയാളുടെ ഓട്ടോറിക്ഷയാണ് പോലീസ് ലേലം ചെയ്തത്.നടപടിക്രമങ്ങള്‍ പാലിച്ചാണ് ഓട്ടോ ലേലം ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലേലത്തിന് മുമ്പ് കേരള ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. എന്നാല്‍ ഒന്‍പതു മാസത്തോളം ഇന്‍ഷുറന്‍സില്ലാതെ ഓടിയ ഓട്ടോറിക്ഷ കസ്റ്റിഡിയിലെടുത്ത് ലേലം ചെയ്തതിന് രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജില്ലാ പോലീസ് മേധാവി വിശദീകരണം സമര്‍പ്പിച്ചത്.

 

ഓട്ടോയുടെ ഇന്‍ഷുറന്‍സ് പുതുക്കി ഓട്ടോ കൈപ്പറ്റാന്‍ നാരായണന്‍ തയ്യാറായിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.ഓട്ടോ ലേലം ചെയ്യുന്നതിന് മുമ്പ് നാരായണന് രജിസ്‌ട്രേഡ് തപാലിലും നേരിട്ടും നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇത് തെളിയിക്കാനുള്ള രേഖകള്‍ പോലീസ് സ്റ്റേഷനില്‍ ലഭ്യമല്ല. നോട്ടീസിന്റെ പകര്‍പ്പോ നോട്ടീസ് കൈപ്പറ്റിയതിന്റെ തെളിവോ ലഭ്യമല്ല. ഇത്തരത്തില്‍ തെളിവുകള്‍ സ്റ്റേഷനില്‍ സൂക്ഷിക്കാതെ മാധ്യമങ്ങളില്‍ പോലീസ് സേനയുടെ അന്തസിനു ഭംഗം വരുത്തുന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നതില്‍ മേപ്പാടി പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍, സ്റ്റേഷന്‍ റൈറ്റര്‍ എന്നിവരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു. അന്ന് സ്റ്റേഷന്‍ റൈറ്ററായിരുന്ന ഉദ്യോഗസ്ഥനെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്. പി. ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും നിര്‍ദ്ദേശത്തില്‍ പറഞ്ഞു.റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് തീര്‍പ്പാക്കി. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *