യാത്രയയപ്പ് നൽകി
പുൽപ്പള്ളി: പെരിക്കല്ലൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റർ ഷാജി പുൽപ്പള്ളിക്ക് സഹപ്രവർത്തകരും വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന് യാത്രയയപ്പ് നൽകി. 2022-ൽ ഹെഡ്മാസ്റ്ററായി ചുമതലയേറ്റ ഷാജി പുൽപ്പള്ളിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ സ്കൂൾ വിദ്യാഭ്യാസ, സാഹിത്യ, സാമൂഹിക രംഗങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു.
എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി 100% വിജയം, ഉയർന്ന എ പ്ലസ് നേട്ടം, കലാ-കായിക-ശാസ്ത്ര മേളകളിലെ മികവ് എന്നിവ ഷാജി സാറിൻ്റെ നേതൃത്വത്തിൽ സ്കൂൾ കൈവരിച്ച പ്രധാന നേട്ടങ്ങളാണ്. സാഹിത്യവേദിയുടെ നേതൃത്വത്തിൽ പ്രശസ്ത സാഹിത്യകാരന്മാരായ യു.കെ. കുമാരൻ, പി.കെ. പാറക്കടവ്, വീരാൻ കുട്ടി തുടങ്ങിയവരെ പങ്കെടുപ്പിച്ച് സാഹിത്യ മത്സരങ്ങളും പുരസ്കാര വിതരണങ്ങളും സംഘടിപ്പിച്ചു. ലോക തപാൽ ദിനത്തിൽ വിദ്യാർത്ഥികൾ കേരളത്തിലെ പ്രമുഖ സാഹിത്യകാരന്മാർക്ക് കത്തെഴുതിയതും, ‘സ്നേഹിതനരികെ’ പദ്ധതിയിലൂടെ നിരവധി പേർക്ക് സഹായം എത്തിച്ചതും ശ്രദ്ധേയമായി.
സ്കൂളിൽ ഓഡിറ്റോറിയം, സ്റ്റേജ്, കുടിവെള്ള സംവിധാനങ്ങൾ എന്നിവ ഒരുക്കുന്നതിലും ഷാജി സാർ പ്രധാന പങ്കുവഹിച്ചു. സ്കൂളിൻ്റെയും പെരിക്കല്ലൂർ പ്രദേശത്തിൻ്റെയും യശസ്സ് ഉയർത്തുന്നതിൽ അദ്ദേഹത്തിൻ്റെ സംഭാവനകൾ വിലപ്പെട്ടതായിരുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. വിജയൻ, ജില്ലാ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, സ്കൂൾ പ്രിൻസിപ്പാൾ, പിടിഎ-എസ്എംസി ഭാരവാഹികൾ, നാട്ടുകാർ എന്നിവർ ഷാജി സാറിന് യാത്രയയപ്പ് നൽകി. വിവിധ സംഘടനകളുടെ ഉപഹാരങ്ങൾ അദ്ദേഹത്തിന് സമ്മാനിച്ചു. തുടർന്ന്, സ്കൂൾ അധികൃതരും നാട്ടുകാരും ചേർന്ന് ഷാജി സാറിനെ പൊങ്ങിണിയിലുള്ള വീട്ടിലേക്ക് അനുഗമിച്ചു. പെരിക്കല്ലൂർ കുടുംബം നൽകിയ സ്നേഹനിർഭരമായ യാത്രയയപ്പിന് ഷാജി സാർ നന്ദി അറിയിച്ചു.





Leave a Reply