May 31, 2026

വയനാട്ടില്‍ 14 കേന്ദ്രങ്ങളില്‍ ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുന്നു

0
Site psd

 

 

കല്‍പ്പറ്റ: അമൃത വിശ്വവിദ്യാപീഠം വയനാട്ടില്‍ 14 കേന്ദ്രങ്ങളില്‍ ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുന്നു. മേപ്പാടി പഞ്ചായത്തിലെ എളമ്പിലേരിമല, വെള്ളരിമല, അട്ടമല, അരണമല, കള്ളാടി, എരുമക്കൊല്ലി, ചെമ്പ്രമല, കല്ലുമല, മണിക്കുന്നുമല, പൊഴുതന പഞ്ചായത്തിലെ മേല്‍മുറി, കുറിച്യര്‍മല, തൊണ്ടര്‍നാട് പഞ്ചായത്തിലെ വാളാരംകുന്ന്, വൈത്തിരി പഞ്ചായത്തിലെ സുഗന്ധഗിരി, മുട്ടില്‍ പഞ്ചായത്തിലെ മുട്ടില്‍മല എന്നിവിടങ്ങളിലാണ് നിര്‍മിതബുദ്ധി ഉപയോഗപ്പെടുത്തിയുള്ള മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുന്നത്.മേപ്പാടി പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അമൃത വിശ്വവിദ്യാപീഠം വയനാടിനുവേണ്ടി സംസ്ഥാന സര്‍ക്കാരിന് ദുരിതാശ്വാസ പാക്കേജ് സമര്‍പ്പിച്ചിരുന്നു.

ഉരുള്‍ ദുരന്തം അതിജീവിച്ചവര്‍ക്കു പിന്തുണ നല്‍കുന്നതിനു വിഭാവനം ചെയ്ത 15 കോടി രൂപയുടെ പദ്ധതി പാക്കേജില്‍ ഉള്‍പ്പെടും. ഈ പദ്ധതിയുടെ ഭാഗമായാണ് ഉരുള്‍ പൊട്ടല്‍ മുന്നിറിയിപ്പ് സംവിധാനം സ്ഥാപിക്കുന്നത്. ഇതിനായി ഉപോധികളോടെ ഫീല്‍ഡ്വര്‍ക്ക് ആരംഭിക്കുന്നതിനു വിശ്വവിദ്യാപീഠത്തിന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കി.
അമൃത ഡൈനമിക് റീജണല്‍ മള്‍ട്ടി ഹസാര്‍ഡ് റിസ്‌ക് മാനേജ്മെന്റ് പ്ലാറ്റ്ഫോം, ഉരുള്‍പൊട്ടല്‍ സാധ്യത മനസിലാക്കുന്നതിനും മുന്നറിയിപ്പ് നല്‍കുന്നതിനും നിരീക്ഷണത്തിനുമുള്ള ഐഒടി സംവിധാനങ്ങള്‍ എന്നിവ വിശ്വവിദ്യാപീഠത്തിന്റെ പ്രോജക്ടിന്റെ ഭാഗമാണ്.
വിദൂര സെന്‍സറിങ് ഡാറ്റ, സെന്‍സര്‍ ഡാറ്റ, നൂതന നിര്‍മിതബുദ്ധി മോഡലുകള്‍ എന്നിവ ഉപയോഗിച്ച് പ്രാദേശിക തലത്തില്‍ അപകടസാധ്യത നിര്‍ണയത്തിന് ഉതകുന്നതാണ് റിസ്‌ക് മാനേജ്മെന്റ് പ്ലാറ്റ്ഫോം. 12 മാസമാണ് ഇതിനു കണക്കാക്കുന്ന നിര്‍മാണ കാലാവധി. ഇന്റലിജന്റ് വയര്‍ലെസ് പ്രോബുകളുടെ ഇടതൂര്‍ന്ന ശൃംഖലയും നിരവധി ഇന്‍-സിറ്റു സെന്‍സറുകളും ഉപയോഗിച്ച് തത്സമയ നിരീക്ഷണം നടത്തുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നതാണ് ഐഒടി സംവിധാനം. 36 മാസമാണ് കണക്കാക്കുന്ന നിര്‍മാണ കാലാവധി. ഐഒടി ഉപയോഗിച്ച് ഒരു നെറ്റ്വര്‍ക്കിലൂടെ ഡാറ്റ കൈമാറ്റം ചെയ്യാന്‍ കഴിയും.
ഫീല്‍ഡ് പ്രവര്‍ത്തനം, സെന്‍സര്‍ വിന്യാസം, ഡാറ്റ പങ്കുവയ്ക്കല്‍ എന്നിവയില്‍ സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുമായുള്ള സഹകരണം, പ്രദേശിക സമൂഹത്തിനു ബോധവല്‍ക്കരണം-പരിശീലനം, മുന്നറിയിപ്പ് സംവിധാനത്തിന്റെ പ്രവര്‍ത്തനം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉരുള്‍ പൊട്ടല്‍ ഉപദേശക സമിതിയുടെ വിലയിരുത്തലിനു വിധേയമാക്കല്‍ എന്നിവ സംബന്ധിച്ചാണ് സര്‍ക്കാര്‍ ഉപാധികള്‍.
ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുന്നത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സഹായകമാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *