പുൽപ്പള്ളിയിൽ കടുവ ഇറങ്ങി; പരിസരവാസികൾ ഭീതിയിൽ
പുൽപ്പള്ളി: പുൽപ്പള്ളി വെളുകൊല്ലി കുറിച്ചിപ്പറ്റ റൂട്ടിൽ വെളു കൊല്ലിക്ക് സമീപം കടുവയെ കണ്ടതായി റിപ്പോർട്ട്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ വനമേഖലയോട് ചേർന്ന ജനവാസ കേന്ദ്രത്തിലാണ് സംഭവം.
ഈ വഴി സഞ്ചരിക്കുകയായിരുന്ന ജീപ്പ് യാത്രികർ കടുവയുടെ ചിത്രം പകർത്തുകയും ചെയ്തു. പ്രദേശത്തെ പലയിടങ്ങളിലും കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയതായി നാട്ടുകാർ പറയുന്നു. മുൻപ് ഇതേ ഭാഗത്ത് വളർത്തുമൃഗങ്ങളെ കടുവ പിടികൂടിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പരിസരവാസികൾ ഭീതിയിലാണ്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി നിരീക്ഷണം നടത്തണമെന്നും ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ അഭ്യർത്ഥിച്ചു. കടുവയുടെ സാന്നിധ്യം കണക്കിലെടുത്ത് പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.





Leave a Reply