മണ്ഡലം പ്രസിഡണ്ടിനെതിരെ വ്യാജ പരാതി : ശക്തമായ നടപടിവേണമെന്ന് കോണ്‍ഗ്രസ് മുള്ളന്‍കൊല്ലി മണ്ഡലം കമ്മിറ്റി
മുള്ളന്‍കൊല്ലി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടിനെതിരെ വ്യാജ പരാതി നല്‍കിയവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് മുള്ളന്‍കൊല്ലി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഐക്യകണ്ഡേന ആവശ്യപ്പെട്ടു.മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എം പിയുടെ മണ്ഡലം പര്യടനത്തിനിടയില്‍ മണ്ഡലം പ്രസിഡന്റ് ജാതിപ്പേര് വിളിച്ചാക്ഷേപിച്ചെന്നാണ് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തക എന്നവകാശപ്പെടുന്ന വനിത വ്യാജ പരാതി പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ്
മുള്ളന്‍കൊല്ലി മണ്ഡലം കമ്മിറ്റി പറഞ്ഞു.
എന്നാല്‍ ഈ ആരോപണം ഉന്നയിക്കുന്നവര്‍ ഈ പരാതി നല്‍കുവാന്‍ ഇത്രയും കാലതാമസം എടുത്തത് വളരെ ദുരൂഹത നിറഞ്ഞതാണ്. ഇത്തരത്തില്‍ ഒരു സംഭവം നടന്നതിന് തെളിവുകളോ സാക്ഷികളോ ഇല്ല. ജബീ മേത്തര്‍ എംപിയെ പോലുള്ളവര്‍ പങ്കെടുക്കുന്ന വലിയ പരിപാടിയില്‍ ഇത്തരത്തില്‍ ഒരു സംഭവം നടന്നത് അന്നേ തന്നെ ചര്‍ച്ച ആകേണ്ടതായിരുന്നു. എന്നാല്‍ ആരോപണ സംബന്ധമായ ഈ വിഷയം പരിപാടിയില്‍ പങ്കെടുത്ത നേതാക്കളുടെയോ പ്രവര്‍ത്തകരുടെയോ ശ്രദ്ധയില്‍ പെട്ടിട്ടില്ല.
മണ്ഡലം പ്രസിഡന്റിന്റെ ശക്തമായ നേതൃത്വത്തിലും, നിഷ്പക്ഷമായ തീരുമാനങ്ങളിലും, ജനപ്രീതിയിലും വിറളി പൂണ്ട ചില നിരാശരും അധികാരമോഹികളായ നേതാക്കള്‍ മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉപയോഗിച്ച് വ്യാജ പരാതി സൃഷ്ടിച്ചതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം മീറ്റിങ്ങിനായി തങ്ങളെ വിളിച്ചുവരുത്തി കാര്യങ്ങള്‍ പോലും വിശദീകരിക്കാതെ പത്രസമ്മേളനത്തില്‍ നിര്‍ബന്ധപൂര്‍വ്വം പങ്കെടുപ്പിച്ചതായും അവര്‍ക്ക് ഈ വിഷയത്തില്‍ യാതൊരുവിധ അറിവും ഇല്ലെന്നും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്ത ചിലരുടെ ഫോണ്‍ സംഭാഷണങ്ങളില്‍ നിന്നും വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
മണ്ഡലം പ്രസിഡണ്ടായി ചുമതലയേറ്റ നാള്‍ മുതല്‍ ഒരു കൂട്ടര്‍ പ്രസിഡണ്ടിനെതിരെ പല പ്രകോപനമായ കാര്യങ്ങളും നടത്തുന്നുണ്ട്. പിന്നീട് നടന്ന മുള്ളന്‍കൊല്ലി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലും, ലോകസഭാ തിരഞ്ഞെടുപ്പിലും എല്ലാം പാര്‍ട്ടിയെ ശക്തമായി നയിച്ച നേതൃത്വം ജില്ലയില്‍ തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്.
കോണ്‍ഗ്രസ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ബി.ജെ.പി.യു മായും . ഇടതുപക്ഷവുമായി രഹസ്യ ബന്ധങ്ങളുള്ള ചിലരുടെ ഗൂഢ നീക്കം ഇതിന് പിന്നിലുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒറ്റുകൊടുക്കാന്‍ അച്ചാരം വാങ്ങിയവരെ പ്രവര്‍ത്തകരും പൊതുജനങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്.
മണ്ഡലം പ്രസിഡണ്ടിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഇത്തരം വ്യാജ ആരോപണങ്ങള്‍ കൃത്യമായി അന്വേഷിക്കേണ്ടതുണ്ട്. ഈ പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളിലെ നിജസ്ഥിതി പരിശോധിച്ചു പരാതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മണ്ഡലം പ്രസിഡന്റ് വയനാട് ജില്ല പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്. ഇത് വ്യാജ പരാതിയാണെന്ന് പൂര്‍ണ്ണമായും ബോധ്യമുള്ളതുകൊണ്ട് മണ്ഡലം പ്രസിഡണ്ടിന് കോണ്‍ഗ്രസ് മുള്ളന്‍കൊല്ലി മണ്ഡലം കമ്മിറ്റിയുടെ പൂര്‍ണ്ണമായ ഐക്യവും പിന്തുണയും പ്രഖ്യാപിക്കുന്നു.





Leave a Reply